ഇടുക്കി ഉടുമ്പന്നൂരില്‍ മദ്യലഹരിയില്‍ പിതാവിന്റെ ക്രൂരത;15കാരനെ മര്‍ദിച്ച പിതാവ് പിടിയില്‍

Wait 5 sec.

ഇടുക്കി| ഇടുക്കി ഉടുമ്പന്നൂരില്‍ മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പതിനഞ്ചുകാരനെയാണ് പിതാവ് മര്‍ദിച്ചത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് തല്ലിയതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍ നജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നജീബ് മദ്യലഹരിയിലായിരുന്നു മകനെ മര്‍ദ്ദിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പ്രതി നജീബിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.