ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

Wait 5 sec.

കണ്ണൂര്‍|കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നല്‍കിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. സസ്പെന്‍ഷനിലായ അധ്യാപകര്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. പിന്നാലെ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ പ്രതികള്‍ ഒളിവില്‍ പോയതാണെന്നാണ് സൂചന.സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ പോലീസ് ഇട്ടിട്ടുണ്ട്. ആദ്യത്തേത് നിതിന്‍ രാജിന്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിന്‍ രാജ് വായ്പ എടുത്തതായി പറയുന്ന ലോണ്‍ ആപ്പിനെതിരെയുമാണ്. അന്വേഷണത്തില്‍ പോലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് കെഎസ്യു, എസ്എഫ്‌ഐ, എംഎസ്എഫ് പവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.തിരുവനന്തപുരം ഉഴമലയ്ക്കല്‍ കൊറ്റാമല സ്വദേശിയായ നിതിന്‍ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരാണ് പ്രതികള്‍. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിന്‍. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ‘തെരുവ് പട്ടി’ എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.കോളജിലെ അധ്യാപകര്‍ക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് നിതിന്‍ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചു, മറ്റു വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോള്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകന്‍ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്.