തൃശൂര്‍ | വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പെടുന്ന കടുകശ്ശേരി തച്ചുകുന്നില്‍ ഒറ്റക്ക് താമസിക്കുന്ന തച്ചോത്ത് വീട്ടില്‍ സഫിയ (72) യയാണ് മരിച്ചത്. വീട്ടില്‍ തനിച്ചാണെന്നതിനാല്‍ സമീപത്തെ ബന്ധുക്കളുടെ വീടുകളിലാണ് ഇവര്‍ രാത്രി ഉറങ്ങാറുള്ളത്. സഫിയയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.സഫിയ ധരിച്ചിരുന്ന 10 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. ഇത് മരണം കൊലപാതകമാണോയെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തെളിയിക്കുന്നതൊന്നും കണ്ടെത്താനായില്ല. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. സ്വര്‍ണം കാണാതെയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സി ഐ. രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.പരേതനായ മുഹമ്മദ് എന്ന തങ്കന്‍ ആണ് സഫിയയുടെ ഭര്‍ത്താവ്. മകള്‍: റംലത്ത്. മരുമകന്‍: അലി. മയ്യിത്ത് ഇരിങ്ങോട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.