പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

Wait 5 sec.

പാലക്കാട്|പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അത് ശരിവെച്ച് അവര്‍ കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ സുരേന്ദ്രന്‍ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്നും അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറയുന്നത് കേള്‍ക്കാം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലത്തെത്തി. പണം ലഭിച്ച വയോധികയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ജില്ലാ പോലീസ് മേധാവിയോട്  റിപ്പോര്‍ട്ട് തേടി. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. വോട്ടിന് പണം ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.