ഇസ്‍ലാമാബാദ് | പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്താൻ അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടത്തിയ ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്താൻ സാധിക്കാതെ പിരിയുകയായിരുന്നു. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചയായിരുന്നു ഇത്.ചർച്ചകൾ പരാജയപ്പെടാൻ പ്രധാനമായും അഞ്ച് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമതായി, ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതാണ് തിരിച്ചടിയായത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളി. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. അമേരിക്കയുടെ ആവശ്യങ്ങൾ അമിതവും യുക്തിരഹിതവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ് അമേരിക്കൻ സംഘത്തെ നയിച്ചത്.രണ്ടാമതായി, ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം നിലവിലുണ്ടായിരുന്നില്ല എന്നതാണ്. ചർച്ചകൾക്ക് തൊട്ടുമുമ്പ് പോലും ഇറാന് നേരെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത ഭീഷണികൾ ഇറാനിൽ അവിശ്വാസം വർധിപ്പിച്ചു. സമാധാന കരാർ ഉണ്ടായില്ലെങ്കിൽ ആക്രമണം ശക്തമാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ചർച്ചകളെ പ്രതികൂലമായി ബാധിച്ചു.മൂന്നാമത്തെ കാരണം, ചർച്ചകൾ നടക്കുന്ന സമയത്തും ലെബനാനിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളാണ്. ലെബനാനിലെ ആക്രമണം നിർത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും യു എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഇസ്റാഈലിന് ബാധകമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്റാഈലിനെതിരെ നടത്തിയ പരാമർശങ്ങളും ചർച്ചകളിൽ നിഴലിച്ചു.നാലാമതായി, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കമാണ്. ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ ഉപരോധങ്ങളിൽ ഇളവും സുരക്ഷാ ഉറപ്പും ലഭിക്കാതെ ഇതിന് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള അവകാശം തങ്ങൾക്ക് വേണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. യു എസ് സൈനിക കമാൻഡ് ആയ സെന്റ്കോം തങ്ങളുടെ കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയെന്ന് അവകാശപ്പെട്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു.അഞ്ചാമതായി, ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത അവിശ്വാസമാണ് ചർച്ചയെ പരാജയത്തിലേക്ക് നയിച്ചത്. ചർച്ചകൾ സൈനിക നീക്കങ്ങൾക്കുള്ള മറയാണെന്ന ഭയം ഇറാന്റെ ഭാഗത്തുണ്ടായിരുന്നു. പാകിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു സമാധാന കരാർ അസാധ്യമായി തുടരുകയാണ്.SummaryThe high-level direct negotiations between the US and Iran in Islamabad ended without an agreement after 21 hours of discussion. Key sticking points included Iran’s refusal to halt uranium enrichment, ongoing Israeli strikes in Lebanon, and the critical dispute over the control of the Strait of Hormuz. Despite mediation efforts by Pakistan, deep-seated mistrust and rigid red lines from both Washington and Tehran prevented a breakthrough in the fragile ceasefire.