ബീജിംഗ് | പാകിസ്താൻ അധീന കശ്മീരിനും അഫ്ഗാനിസ്താൻ അതിർത്തിക്കും സമീപം സിൻജിയാങ് പ്രവിശ്യയിൽ പുതിയ കൗണ്ടി സ്ഥാപിച്ച് ചൈന. സീൻലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദേശം തന്ത്രപ്രധാനമായ കാറക്കോറം പർവതനിരകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഉയ്ഗൂരിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമാണ് ചൈനയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഒരു വർഷത്തിനിടെ സിൻജിയാങ് മേഖലയിൽ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ പുതിയ കൗണ്ടിയാണിത്. നേരത്തെ ഹെആൻ, ഹെകാങ് എന്നീ കൗണ്ടികൾ ചൈന രൂപീകരിച്ചിരുന്നു. ഇതിൽ ലഡാക്കിന്റെ ഭാഗമായ അക്സായി ചിൻ ഉൾപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കശ്ഗർ പ്രവിശ്യയുടെ ഭരണനിയന്ത്രണത്തിലായിരിക്കും പുതിയ സീൻലിംഗ് കൗണ്ടി പ്രവർത്തിക്കുക. ചൈനയെ ദക്ഷിണ, മധ്യ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയാണ് പുരാതന സിൽക്ക് റോഡിന്റെ ഭാഗമായ കശ്ഗർ. കൂടാതെ ഇന്ത്യ എതിർക്കുന്ന സി പി ഇ സി പദ്ധതിയുടെ പ്രഭവകേന്ദ്രവും ഇവിടെയാണ്.അഫ്ഗാനിസ്താനിലെ വഖാൻ ഇടനാഴി വഴി തീവ്രവാദികൾ സിൻജിയാങ്ങിലേക്ക് കടക്കുന്നത് തടയാൻ പുതിയ ഭരണസംവിധാനം സഹായിക്കുമെന്നാണ് ചൈനീസ് വിദഗ്ധർ അവകാശപ്പെടുന്നത്. അതിർത്തി പ്രദേശങ്ങളിലെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷാ വെല്ലുവിളികൾ നേരിടാനുമുള്ള ബീജിംഗിന്റെ ആഴത്തിലുള്ള താൽപ്പര്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. അതേസമയം അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇത്തരം തന്ത്രപ്രധാന മേഖലകളിൽ ചൈന നടത്തുന്ന ഏകപക്ഷീയമായ മാറ്റങ്ങൾ അയൽരാജ്യങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.SummaryChina has established a new county named Cenling in its Xinjiang province, situated strategically near the Karakoram range and the borders of Pakistan-occupied Kashmir and Afghanistan. This move, the third of its kind in a year, is aimed at strengthening border security and preventing the infiltration of militants through the Wakhan Corridor. The decision comes amid previous tensions with India over the creation of administrative divisions in disputed territories like Aksai Chin.