ഗാന്ധിനഗര്‍ | കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ ജയകുമാറിന്റെ കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുന്‍ ജീവനക്കാരന്‍ മരിച്ചു. കിളിരൂര്‍ ആമ്പക്കുഴിയില്‍ ചെല്ലപ്പന്‍ (88) ആണ് മരിച്ചത്.ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിന് സമീപം ഗാന്ധിനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള അഞ്ചേരി ഗാര്‍ഡന്‍സില്‍ ഡോ.വി ആര്‍ ജയകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ചെല്ലപ്പന്‍ കത്തിച്ചത്. കാര്‍ കത്തിക്കുന്നതിനിടെ ഇയാള്‍ക്കു ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടു ജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുന്‍പ് ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.കാര്‍ കത്തിക്കുന്നതിനിടെ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നു. തീയും പുകയും കണ്ട് വീട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പോലീസിലും അഗ്‌നിശമനസേനയെയും അറിയിച്ചു. ഇവര്‍ എത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയില്‍ ചെല്ലപ്പനെ കണ്ടത്.95 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരത്തോടെയാണ് മരണം.