ഉയര്‍ന്ന പോളിങ് ശതമാനം യു ഡി എഫ് തരംഗത്തിന്റെ സൂചന;മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ല: കെ സി വേണുഗോപാല്‍ എംപി

Wait 5 sec.

ന്യൂഡല്‍ഹി |  നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം യു ഡി എഫ് തരംഗത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു. യു ഡി എഫിന്റെ പ്രതീക്ഷയെ മറികടക്കുന്ന പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷത്തോടെ നൂറോളം സീറ്റ് നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ഉള്‍പ്പെടെ വോട്ടുകള്‍ യു ഡി എഫിനാണ് ലഭിച്ചിട്ടുള്ളത്. ചിട്ടയായ പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതാക്കള്‍ യു ഡി എഫ് നടത്തിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ഥി എല്‍ ഡി എഫിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു പരസ്യമായി രംഗത്ത് വരികയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും നാം കണ്ടതാണ്. അവര്‍ക്കിടയില്‍ അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തതുകൊണ്ട് തന്നെയാണെന്ന് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കും.ബി ജെ പിയുടെ എ കാറ്റഗറി മണ്ഡലങ്ങള്‍ എന്നു പറയുന്നത് പണം ഒഴുക്കുന്ന മണ്ഡലം എന്നാണ്. പാലക്കാട് ബി ജെ പി നടത്തിയ ഇത്തരം നഗ്നമായ തിരഞ്ഞെടുപ്പ് ലംഘനം ജനങ്ങള്‍ കണ്ടിട്ടുണ്ട്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആര്‍ക്കും തടഞ്ഞുവയ്ക്കാന്‍ കഴിയില്ല. ധൈര്യമുള്ള യു ഡി എഫ് പ്രവര്‍ത്തകര്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യം പുറത്ത് വന്നത്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. ഇക്കാര്യം പരസ്യമായി താന്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു .വയനാട് ധനസമാഹരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി പി എം നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല. സി പി എമ്മിനെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളെ മറച്ചു പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.വനിതാ ബില്ലിനെ കോണ്‍ഗ്രസ് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും സാധ്യത നല്‍കാതെ തിരക്കുപിടിച്ച് ബില്ല് കൊണ്ടുവരുന്നത് ദുരുദ്ദേശ്യത്തോടെയാണ്.എസ് സി, എസ് ടി, ഒ ബി സി സംവരണം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതെ ബില്ല് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോര്‍ട്ട് ഉണ്ടെന്ന് തെളിവ് സഹിതം ആക്ഷേപം ഉന്നയിച്ച പവന്‍ ഖേരയെ അസം പോലീസ് വേട്ടയാടുകയാണ്.ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസെടുക്കുന്നതിന് പകരമാണ് ഈ നടപടി. ഇതെല്ലാം അസം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ലെന്ന് കെ സുധാകരന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെസി വേണുഗോപാല്‍ മറുപടി നല്‍കി. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു