എറണാകുളം|പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതിനിടെ കടന്നല്‍ ആക്രമണം. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി വന്ന അഞ്ചു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറ്റാനിമല ജോഷി(57) എന്നയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ ചോരക്കുഴി പുറ്റാനിമല അജീഷ്(37),പാലയ്ക്ക തടത്തില്‍ സൂരജ് (45) , പുറ്റാനി മലയില്‍ ജോസ്, കണ്ടെത്തില്‍ പുത്തന്‍പുരയില്‍ ജോമോന്‍ (47) എന്നിവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ വോട്ടെടുപ്പ് നടക്കുന്ന ചോരക്കുഴ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമുള്ള തിരഞ്ഞെടുപ്പ് ബൂത്ത് കെട്ടുകയായിരുന്നു പ്രവര്‍ത്തകര്‍. ഇതിനിടെയാണ് കടന്നലാക്രമണമുണ്ടായത്. ബൂത്ത് കെട്ടുന്നതിനിടെ തോരണം കെട്ടി വലിച്ചപ്പോഴാണ് കടന്നല്‍ക്കൂട്ടം ഇളകിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കടന്നല്‍ കുത്തേറ്റവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ അനൂപ് ജേക്കബ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.