മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ല, എഐ നിര്‍മ്മിതമാകാം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

Wait 5 sec.

പാലക്കാട്|കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ തന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് കുഴല്‍നാടന്റെ ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ അന്ന് മാത്യു കുഴല്‍നാടന്‍ വിഷയം ഉന്നയിച്ചില്ല. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. പാലക്കാട് വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.മേരിമാതാ കരാര്‍ കമ്പനി തന്റെ ശത്രു പക്ഷത്താണെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ആരോപണം തന്നെ ബാധിക്കില്ല. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. മദ്രാസ് ഐഐടി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഭവം ആണ്. മഴക്കെടുതിയാണ് പ്രളയത്തിന് കാരണമായതെന്നായിരുന്നു ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഐഐടി തങ്ങളുടെ കീഴിലല്ലല്ലോ. കേന്ദ്രസര്‍ക്കാരിന്റെ കീഴിലല്ലേയെന്നും കൃഷ്ണന്‍കുട്ടി ചോദിച്ചു.മാത്യു കുഴല്‍നാടനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാത് നിലവില്‍ ജനതാദളില്‍ ഇല്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. പ്രഭാതിനെ കുഴല്‍നാടന്‍ ഉപയോഗിച്ചതാണ്. ചില അനാവശ്യ കാര്യങ്ങള്‍ പ്രഭാത് ആവശ്യപ്പെട്ടിരുന്നു. കിട്ടാതായപ്പോള്‍ പാര്‍ട്ടിയോട് ഇടഞ്ഞു. പ്രഭാത് തനിക്കെതിരെ മുന്‍പും വാര്‍ത്താസമ്മേളനം നടത്തിയിരുന്നുവെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. കരിമണല്‍ ലോബിക്ക് വേണ്ടി കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതാണെന്നും പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതാ എന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന ശബ്ദസന്ദേശമാണ് മാത്യു കുഴല്‍നാടന്‍ കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ടത്. ഇതില്‍ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.