റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ (Eastern Province) ലക്ഷ്യമിട്ട് ചൊവ്വാഴ്ച പുലർച്ചെ തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ ഊർജ്ജ നിലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആദ്യഘട്ടത്തിൽ നാല് മിസൈലുകളാണ് പ്രതിരോധ സേന തകർത്തത്. എന്നാൽ തൊട്ടുപിന്നാലെ ഇതേ മേഖലയെ ലക്ഷ്യമിട്ട് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ കൂടി ശത്രുപക്ഷം തൊടുത്തുവിട്ടു.ഇവയെല്ലാം തന്നെ വിജയകരമായി തകർക്കാൻ സാധിച്ചു. തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ കിഴക്കൻ പ്രവിശ്യയിലെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് സമീപമാണ് പതിച്ചത്. നിലവിൽ നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് അധികൃതർ വിലയിരുത്തി വരികയാണ്.മിസൈൽ ആക്രമണത്തെത്തുടർന്ന് നാഷണൽ പ്ലാറ്റ്‌ഫോം ഫോർ എമർജൻസി വാണിംഗ് വഴി പുലർച്ചെ തന്നെ കിഴക്കൻ പ്രവിശ്യയിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് രണ്ട് തവണ ജാഗ്രതാ നിർദ്ദേശം നൽകി.അപകടസാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു നിർദ്ദേശം. പിന്നീട് ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.ആക്രമണം നടന്ന സ്ഥലങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ മേഖലകളിലും ആളുകൾ തടിച്ചുകൂടരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.ഇത്തരം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.The post കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 11 ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന തകർത്തു; ഊർജ്ജ നിലയങ്ങൾക്ക് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു appeared first on Arabian Malayali.