മാഡ്രിഡ് | യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ചുവടുറപ്പിക്കാൻ കരുത്തർ ഇന്ന് കളത്തിൽ. ക്വാർട്ടറിൽ സ്പാനിഷ് വന്പന്മാരായ ബാഴ്‌സലോണ അത്്‌ലറ്റികോ മാഡ്രിഡിനെയും നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീം പി എസ് ജി ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെയും നേരിടും. രാത്രി 12.30നാണ് ഇരു മത്സരങ്ങളും.ബാഴ്‌സയുടെ തട്ടകമായ നൗകാമ്പ് സ്റ്റേഡിയത്തിലാണ് ബാഴ്‌സ- അത്്‌ലറ്റികോ ആദ്യ പാദ മത്സരം. രണ്ട് മാസത്തിനിടെ നാലാം തവണയാണ് ഇരു ടീമുകളും കൊമ്പുകോർക്കുന്നത്. ഫെബ്രുവരിയിൽ കോപ ഡെൽറെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അത്്‌ലറ്റികോ ബാഴ്‌സയെ 4-0ന് കീഴടക്കി. രണ്ടാം പാദത്തിൽ ബാഴ്‌സ 3-0ന് ജയിച്ചെങ്കിലും 4-3 എന്ന ഇരു പാദ സ്‌കോറിൽ അത്്‌ലറ്റികോ ഫൈനലിലേക്ക് മുന്നേറി.ഞായറാഴ്ച രാത്രി നടന്ന ലാലിഗ മത്സരത്തിൽ ബാഴ്‌സ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം കുറിച്ചു. ഇതോടെ, രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാൾ ഏഴ് പോയിന്റ്മുന്നിലെത്താൻ കാറ്റലൻ ടീമിനു കഴിഞ്ഞു. ലാലിഗ കിരീടപ്പോരിൽ പിന്നിലായ അത്്‌ലറ്റിക്കോക്ക് നിലവിൽ യൂറോപ്യൻ പോരാട്ടത്തിലാണ് കൂടുതൽ താത്്പര്യം.പോളണ്ട് താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ കുന്തമുന. മത്സരത്തിലുടനീളം ഫോമിലല്ലെങ്കിൽ പോലും നിർണായക നിമിഷങ്ങളിൽ ഗോൾ നേടാനുള്ള ലെവൻഡോവ്സ്കിയുടെ കഴിവ് ബാഴ്സക്ക് ആത്മവിശ്വാസം പകരും. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി 16 ഗോളുകളാണ് ലെവൻ സ്‌കോർ ചെയ്തത്. സിമിയോണിയുടെ പ്രതിരോധ നിരയെ സമ്മർദത്തിലാക്കാൻ കുറച്ചുകൂടി വേഗത്തിൽ ചലിക്കുന്ന ഫെറാൻ ടോറസിനെയോ ഡാനി ഒൽമോയെയോ പരിശീലകൻ ഹാൻസി ഫ്ലിക് ആദ്യ ഇലവനിൽ നിയോഗിച്ചേക്കാം.ഫോം മങ്ങിയ യുവ താരം ലമിൻ യമാൽ അത്്‌ലറ്റിക്കോക്കെതിരായ മത്സരത്തിൽ തിളങ്ങുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ക്ലബിനും രാജ്യത്തിനുമായി കളിച്ച കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഓപൺ പ്ലേയിലൂടെ ഒരു ഗോൾ മാത്രമാണ് യമാലിന് നേടാനായത്. എങ്കിലും ഈ സീസണിൽ 23 ഗോൾ പങ്കാളിത്തങ്ങളുമായി ബാഴ്‌സയുടെ മുന്നേറ്റത്തിന് കരുത്തു പകരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ചാന്പ്യൻസ് ലീഗ് മത്സരങ്ങളിലും യമാൽ ഗോൾ നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതുവരെ അത്്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ ബാഴ്‌സക്ക് സാധിച്ചിട്ടില്ല. മുമ്പ് നടന്ന രണ്ട് ക്വാർട്ടർ ഫൈനലുകളിലും (2013/14, 2015/16) ബാഴ്‌സയെ പുറത്താക്കി അത്്ലറ്റികോ മുന്നേറുകയായിരുന്നു.അത്്ലറ്റികോ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലെ കരുത്തുറ്റ സാന്നിധ്യങ്ങളായിരുന്ന അന്റോയിൻ ഗ്രീസ്മനും ഗോൾ കീപ്പർ യാൻ ഒബ്ലാക്കും ക്ലബ് വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ചാമ്പ്യൻസ് ലീഗ് പോരിനിറങ്ങുന്നത്. തന്നെ ലോകോത്തര താരമാക്കി മാറ്റിയ ക്ലബിനെ സെമിഫൈനലിൽ എത്തിച്ചുകൊണ്ട് യാത്രയാകാനാകും ഫ്രഞ്ച് താരമായ ഗ്രീസ്മന്റെ ലക്ഷ്യം.പരുക്കിനെത്തുടർന്ന് കഴിഞ്ഞ അഞ്ച് മത്സരങ്ങൾ നഷ്ടമായ ഒബ്ലാക്ക് തിരിച്ചെത്തുന്നത് പരിശീലകൻ സിമിയോണിക്ക് ആത്മവിശ്വാസം നൽകും.പാരീസിൽ ആര് വാഴുംപാരീസിലെ പാർക് ഡെ പ്രിൻസസ് സ്റ്റേഡിയത്തിലാണ് പി എസ് ജി- ലിവർപൂൾ ആദ്യ പാദ പോരാട്ടത്തിന്റെ വേദി. കഴിഞ്ഞ സീസണിലെ പ്രീ ക്വാർട്ടറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പി എസ് ജി ജയിച്ചിരുന്നു. ആർനെ സ്ലോട്ടിന് കീഴിൽ ലിവർപൂൾ മോശം സീസണിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം എഫ് എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-0ന് പരാജയപ്പെട്ടത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടപ്പോരിൽ ടീം ഏറെ പിന്നിലാണ്. അവസാന മൂന്ന് കളികളിൽ രണ്ടിലും തോറ്റു. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഫോമില്ലായ്മയും പ്രതിരോധത്തിലെ പാളിച്ചകളും സ്ലോട്ടിന് തലവേദനയുണ്ടാക്കുന്നു. പ്രീമിയർ ലീഗിൽ പതറുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ ചെമ്പടയുടെ പ്രതിരോധം ശക്തമാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ടീം ഗോൾ വഴങ്ങിയിട്ടില്ല.കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന, ലൂയിസ് എൻറിക്വെ പരിശീലകനായ പി എസ് ജി മികച്ച ഫോമിലാണ്. പ്രീമിയർ ലീഗ് ടീമുകൾക്കെതിരെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ ടീമിന് കഴിഞ്ഞു. ചെൽസിക്കെതിരായ കഴിഞ്ഞ റൗണ്ടിൽ 8-2 എന്ന അഗ്രഗേറ്റ് സ്‌കോറിനായിരുന്നു ജയം.അവസാന 16 യൂറോപ്യൻ മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവർ പരാജയപ്പെട്ടത് (10 ജയം, നാല് സമനില). സൂപ്പർ താരം ഖ്വിച്ച ക്വാരറ്റ്സ്‌ഖേലിയ തകർപ്പൻ ഫോമിലാണ്.അവസാന മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ അടിച്ചുകൂട്ടി. പരുക്കിനെ തുടർന്ന് ഫാബിയൻ റൂയിസ് ഇന്ന് കളിക്കാത്തത് തിരിച്ചടിയാണ്.