കലബുറഗി | 27 കാരനുമായി പ്രണയത്തിലായ 57 വയസ്സുള്ള അധ്യാപികക്ക് ഒടുവില്‍ ജീവന്‍ നഷ്ടമായി. കര്‍ണാടകയിലെ കലബുറഗിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കലബുറഗി സ്വദേശിനിയായ ജ്യോതി കപാളെ (57) ആണ് മരിച്ചത്. അമര്‍ ഗുഡ്ഡള്ളി (27) എന്ന യുവാവുമായി ജ്യോതി പ്രണയത്തിലായിരുന്നുവെന്നും അധ്യാപികയും പണം കൈവശപ്പെടുത്തിയ ശേഷം ഇയാള്‍ കൊലനടത്തി എന്നുമാണ് പോലീസ് പറയുന്നത്.മകന്റെ പ്രായമുള്ള കാമുകന് അധ്യാപിക നല്‍കിയത് ലക്ഷങ്ങളാണ്. ഈ പണം തിരികെ ചോദിച്ചതിന് പിന്നാലെയാണ് അധ്യാപികയ്ക്ക് ജീവന്‍ നഷ്ടമായത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കലബുറഗി ജില്ലയിലെ കമലാപുര്‍ താലൂക്കിലുള്ള കലമൂഡ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമലാപുര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലപ്പെട്ടത് ബീദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വാഞ്ജരഖേഡ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ജ്യോതിയാണെന്നു കണ്ടെത്തുകയായിരുന്നു.അവിവാഹിതയായ ജ്യോതി ഭാല്‍ക്കിയിലായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസങ്ങളില്‍ കലബുറഗിയിലെ ആനന്ദ് നഗറിലുള്ള അമ്മയുടെ വീട്ടിലേക്ക് വരുമായിരുന്നു. ഈ സമയത്താണ് അയല്‍വാസിയായ അമര്‍ ഗുഡ്ഡള്ളിയുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിവാഹിതനും കുട്ടികളുമുള്ള അമര്‍ ജ്യോതിയുടെ പണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 15 മുതല്‍ 20 ലക്ഷം രൂപ വരെ ജ്യോതി അമറിന് നല്‍കിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് അമര്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. അടുത്തിടെ 27കാരന്‍ ഥാര്‍ കാര്‍ വാങ്ങിയിരുന്നു.താന്‍ നല്‍കിയ പണം തിരികെ വേണമെന്ന് ജ്യോതി അമറിനോട് ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ജ്യോതിയെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ അയാള്‍ പദ്ധതിയിട്ടു. ഏപ്രില്‍ മൂന്നിന് ജ്യോതിയെയും കൂട്ടി അമര്‍ തന്റെ ഥാര്‍ കാറില്‍ ക്ഷേത്രത്തിലും മറ്റ് പല സ്ഥലങ്ങളിലും കറങ്ങാന്‍ പോയി. രാത്രിയായപ്പോള്‍ കലമൂഡിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി.നേരത്തെ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി കാറിന്റെ ഡിക്കിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമറിനെ സംശയം തോന്നിയത്. പിന്നാലെയാണ് ഒളിവില്‍പ്പോയ അമറിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പെട്രോള്‍ കാനും ഥാര്‍ കാറും പോലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.