കണ്ണൂര്‍ | മയ്യില്‍ മുല്ലക്കൊടിയില്‍ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എല്‍ ഡി എഫ് ബൂത്ത് ഏജന്റിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സി പി എം പ്രവര്‍ത്തകന്‍ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ (50)നാണ് കുത്തേറ്റത്. ഇന്ന് വൈകിട്ട് 6.30 ഓടെ മുല്ലക്കൊടി യു പി സ്‌കൂളിലെ ബൂത്തിന് സമീപമാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ്സാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. പ്രകാശന്‍ പോളിങ് കഴിഞ്ഞ് യു ഡി എഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനൊപ്പം മടങ്ങവേയാണ് സംഭവം.ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രകാശനെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് കമീഷണര്‍ പി നിതിന്‍ രാജ് സംഭവസ്ഥലത്തെത്തി.തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ യു ഡി എഫ് വ്യാപക അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് പ്രകാശനെ സന്ദര്‍ശിക്കാനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്യാമള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.