പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന ബില്ലിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം. “നാരീശക്തി വന്ദന്‍ അധിനിയം’ എന്ന് പേരിട്ട ഈ നിയമനിര്‍മാണം ചരിത്രസംഭവമെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ സുവര്‍ണ അധ്യായമെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ബില്ലിന്റെ ഉള്ളടക്കവും സ്ത്രീസംവരണം നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന രീതിയും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ തെളിയുന്നത് മറ്റൊരു ചിത്രമാണ്. സ്ത്രീശാക്തീകരണമെന്ന പുകമറയ്ക്കപ്പുറം നിലവിലുള്ള പുരുഷാധിപത്യ രാഷ്ട്രീയ ഘടനക്ക് പോറലേല്‍പ്പിക്കാതെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ചാണക്യ തന്ത്രമാണ് ഇതിനു പിന്നില്‍.സഭകളിലെ നിലവിലുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിച്ചാണ് 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കുന്നതെന്നതാണ് ഈ നിയമനിര്‍മാണത്തിലെ ശ്രദ്ധേയമായ വശം. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് 816 ആയി വര്‍ധിപ്പിച്ച് 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച ശേഷമേ സംവരണം നടപ്പാക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെ പിന്നിലെ യുക്തി ലളിതമാണ്. നിലവിലുള്ള സീറ്റുകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി മാറ്റിവെച്ചാല്‍, പലയിടത്തും പുരുഷ ജനപ്രതിനിധികള്‍ രാജിവെച്ചൊഴിയേണ്ടി വരും. ഇത് രാഷ്ട്രീയ കക്ഷികളിലെ പുരുഷ നേതാക്കളില്‍ കടുത്ത എതിര്‍പ്പ് ഉയരാന്‍ ഇടയാക്കും.മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ആകെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന 33 ശതമാനം വര്‍ധിപ്പിച്ച സീറ്റുകളില്‍ നിന്നോ, മൊത്തം സീറ്റുകളില്‍ ക്രമീകരണം വരുത്തിയോ നല്‍കാന്‍ സാധിക്കും. നിലവിലുള്ള പുരുഷന്മാരുടെ സീറ്റുകളിലോ സ്വാധീനത്തിലോ കുറവുണ്ടാകില്ല. പൊതുമണ്ഡലങ്ങളിലെ സ്ത്രീ സാന്നിധ്യം ഇല്ലാതാക്കുകയെന്നതാണ് വനിതാ സംവരണത്തിന്റെ മറവില്‍ നടക്കാന്‍ പോകുന്ന മറ്റൊരു അട്ടിമറി. നിലവില്‍ പൊതുസീറ്റുകളില്‍ പുരുഷന്മാരോട് മത്സരിച്ചു വിജയിക്കുന്ന പരിമിതമായ വനിതാ ജനപ്രതിനിധികളുണ്ട് പാര്‍ലിമെന്റിലും നിയമസഭകളിലും.പുതിയ നിയമം നടപ്പാകുന്നതോടെ, “സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ സംവരണ മണ്ഡലങ്ങളുണ്ടല്ലോ’ എന്ന വാദമുയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുമണ്ഡലങ്ങളില്‍ മത്സരിപ്പിച്ചിരുന്ന വനിതാ നേതാക്കളെ സംവരണ സീറ്റുകളിലേക്ക് മാറ്റാനാണ് സാധ്യത. ഇതോടെ പൊതുസീറ്റുകളില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടേക്കാം. തന്ത്രപ്രധാനമായ മണ്ഡലങ്ങളില്‍ നിന്ന് സ്ത്രീകളെ ആസൂത്രിതമായി ഒഴിവാക്കാനും ആ ഇടങ്ങള്‍ പുരുഷന്മാര്‍ക്കായി തീറെഴുതാനുമുള്ള തന്ത്രമായി ഇത് മാറും. ഇത് തുല്യനീതിയല്ല; അധികാരത്തിന്റെ തുലനം തെറ്റാതിരിക്കാനുള്ള രാഷ്ട്രീയ നീക്കുപോക്കാണ്. തങ്ങളുടെ പരിചയ മണ്ഡലങ്ങളില്‍ നിന്ന് മാറി സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടി വരുന്നത് രാഷ്ട്രീയ അടിത്തറയുള്ള വനിതാ നേതാക്കളുടെ ഭാവി അവതാളത്തിലാക്കുകയും ചെയ്യും.സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ സ്ത്രീശാക്തീകരണമാണ് സംവരണത്തിന്റെ ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഉടനടി ഇത് നടപ്പാക്കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. മണ്ഡല പുനര്‍നിര്‍ണയം വരെ കാത്തുനില്‍ക്കുന്നതെന്തിന്? 2029ലോ അതിനു ശേഷമോ മാത്രമേ സംവരണത്തിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളൂ. സീറ്റുകള്‍ വര്‍ധിപ്പിക്കാതെ തന്നെ നിലവിലുള്ള സീറ്റുകളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കാമായിരുന്നതാണ്. അധികാരത്തിന്റെ വിഹിതം സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കാന്‍ പുരുഷമേധാവിത്വത്തിന് വിമുഖതയാണ്. തികച്ചും കാപട്യമാണ് അവരുടെ സ്ത്രീ ശാക്തീകരണ മുദ്രാവാക്യവും തുല്യനീതി വാഗ്ദാനവും.തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതിലുപരി നയരൂപവത്കരണ സംവിധാനങ്ങളുടെ തലപ്പത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ ഭരണവര്‍ഗമോ രാഷ്ട്രീയ മേധാവികളോ സന്നദ്ധമല്ല. സഭകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ പുരുഷന്മാരുടെ രാഷ്ട്രീയാവസരങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ സംവരണ സീറ്റുകള്‍ ഉപകാര പ്രദമല്ലാത്ത അധികപ്പറ്റായി മാറുന്നു. ബില്ലില്‍ പിന്നാക്ക വിഭാഗങ്ങളിലെ (ഒ ബി സി) സ്ത്രീകള്‍ക്കായി ഉപസംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും പോരായ്മയാണ്. ഇത് സംവരണത്തിന്റെ ആനുകൂല്യം സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ള സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പോടുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. ജനാധിപത്യമെന്നത് പുരുഷന്മാര്‍ അവരുടെ ഇടം സംരക്ഷിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല; തുല്യാവകാശമാണ്.നിയമം യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവസരം കൈവരുമോ എന്നതും സംശയമാണ്. മിക്കവാറും പുരുഷ നേതൃത്വത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സ്ത്രീകളെയായിരിക്കും സംവരണ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുക. സഭയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. അവരുടെ പേരില്‍ പുരുഷ നേതാക്കള്‍ തന്നെയായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ അധികാര സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ അനുഭവം മുമ്പിലുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തമെന്നത് കേവല എണ്ണത്തിലുള്ള വര്‍ധന ആകരുത്. അധികാരത്തിനു വേണ്ടിയുള്ള ചതുരംഗക്കളിയിലെ വെറുമൊരു കരുനീക്കമായി അവശേഷിക്കുമോ ഈ നിയമനിര്‍മാണം?