കോൺഗ്രസ് തെലങ്കാനയ്ക്ക് നൽകിയ ആറ് ഗ്യാരൻ്റികൾ പോലും പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്; രേവന്ത് റെഡ്ഡിക്കെതിരെ കെ. കവിത

Wait 5 sec.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും മുൻ ബിആർഎസ് നേതാവുമായ കെ. കവിത. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു. തെലങ്കാനയിലെ ജനങ്ങൾക്കും ആറ് ​ഗ്യാരൻ്റികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അവർ അത് നടപ്പാക്കിയില്ല. അതെ തിരക്കഥയാണ് ഇപ്പോൾ രേവന്ത് റെഡ്ഡിയും കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും കെ. കവിത ആരോപിച്ചു.കാർഷിക വായ്പ എഴുതി തള്ളൽ, തൊഴിൽ സൃഷ്ടിക്കൽ, കർഷക ക്ഷേമം തുടങ്ങി തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. കേരളത്തെ അദ്ദേഹത്തിന്റെ അടുത്ത ഇരയാക്കരുതെന്നും കേരളത്തിന്റെ വളർച്ച തുടരാൻ പിണറായി വിജയനൊപ്പെം നിൽക്കണമെന്നും കെ. കവിത പറഞ്ഞു.“അടുത്ത ദിവസങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്ന കേരത്തിലെ ജനങ്ങളോടുള്ള തെലങ്കാനയുടെ മകളുടെ ഒരു സന്ദേശമാണിത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിലെ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ ആ കോൺ​ഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ പരാജയപ്പെടുത്തി. അവർ ജനങ്ങൾക്ക് ആറ് ഗ്യാരൻ്റികൾ നൽകിയിരുന്നു. അതിൽ പകുതി ഗ്യാരൻ്റി മാത്രമേ പാലിക്കപ്പെട്ടിട്ടുള്ളു. അത് സൗജന്യ ബസ് യാത്ര മാത്രമാണ്. അതല്ലാതെ തെലങ്കാനയ്ക്ക് നൽകിയ മറ്റൊരു ഗ്യാരൻ്റിയും നടപ്പാക്കിയിട്ടില്ല. ഞാൻ തെലങ്കാനയിൽ നിന്നുള്ളതാണ്. തെലങ്കാനയിലാണ് താമസിക്കുന്നത്. ഉടൻ തന്നെ തെലങ്കാനയിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ പോകുന്ന ആളാണ് ഞാൻ.തെലങ്കാനയുടെ മകൾ എന്ന നിലയിൽ കോൺഗ്രസ് നിങ്ങളെ വഞ്ചിക്കാൻ പോകുകയാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. കാരണം പ്രതിമാസം 2500 നൽകാതെ തെലങ്കാനയിലെ സ്ത്രീകളെ വഞ്ചിച്ചവരാണ് അവർ. ജോലി നൽകാതെ തെലങ്കാനയിലെ യുവാക്കളെ വഞ്ചിച്ചു. ബോണസ് നൽകാതെ തെലങ്കാനയിലെ കർഷകരെ വഞ്ചിച്ചു.പെൻഷനുകൾ വർധിപ്പിക്കാതെ അവർ തെലങ്കാനയിലെ വയോജനങ്ങളെ വഞ്ചിച്ചു. വാഗ്ദാനം ചെയ്തതുപോലെ സംവരണം നൽകാതെ അവർ തെലങ്കാനയിലെ പിന്നാക്കക്കാരെ വഞ്ചിച്ചു. അടിസ്ഥാനപരമായി തെലങ്കാനയിലെ കോൺഗ്രസിന്റെ മൊത്തം ചരിത്രം അഴിമതിയും വഞ്ചനയുമാണ്. കോൺഗ്രസ് പാർട്ടി ഇന്ന് തെലങ്കാനയെ ആ പാർട്ടിയുടെ എടിഎമ്മായാണ് ഉപയോ​ഗിക്കുന്നത്.ഇപ്പോൾ കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. തെലങ്കാനയിൽ നിന്ന് എടുക്കുന്ന അഴിമതി നിറഞ്ഞ പണമെടുത്താണ് കോൺഗ്രസ് പാർട്ടിക്കായി അവർ നസഹായം നൽകുന്നത്. അതുകൊണ്ട് കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കട്ടെയെന്നാണ് കേരളത്തിലെ ജനങ്ങളോടുള്ള എന്റെ അഭ്യർഥന. തെലങ്കാന മുഖ്യമന്ത്രിയെ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ മുഴുവൻ വാദവും വാഗ്ദാനങ്ങളും വ്യാജമാണ്. ദയവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക. കേരളം വിജയിക്കട്ടെ”, കെ. കവിതയുടെ വാക്കുകൾ.The post കോൺഗ്രസ് തെലങ്കാനയ്ക്ക് നൽകിയ ആറ് ഗ്യാരൻ്റികൾ പോലും പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്; രേവന്ത് റെഡ്ഡിക്കെതിരെ കെ. കവിത appeared first on ഇവാർത്ത | Evartha.