ഇറാനില്‍ കുടുങ്ങിയ 312 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു

Wait 5 sec.

ന്യൂഡല്‍ഹി |  ഇറാനില്‍ കുടുങ്ങികിടന്ന 312 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചതായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ അറിയിച്ചു. അര്‍മേനിയ വഴിയാണ് ഇവരെ രാജ്യത്തേക്ക് തിരികെ എത്തിച്ചത്.‘ഇറാനില്‍ നിന്ന് അര്‍മേനിയ വഴി 312 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മാറ്റി. ഇത് സാധ്യമാക്കിയതിന് അര്‍മേനിയ സര്‍ക്കാരിന് നന്ദി,’ എന്നായിരുന്നു എക്സിലെ പോസ്റ്റിലൂടെ ജയശങ്കറിന്റെ പ്രതികരണം.ഇന്ത്യയിലെത്തിയ മത്സ്യത്തൊഴിലാളികളെ ചെന്നൈയില്‍ എത്തിച്ച ശേഷം ഏപ്രില്‍ 4-ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ജപീയൂഷ് ഗോയല്‍ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ ഇറാനില്‍ കുടുങ്ങിയിരുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇത് സന്തോഷകരമായ ദിനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ഏപ്രില്‍ 2-ന് പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം, ഇറാനില്‍ നിന്ന് 1,200-ലധികം ഇന്ത്യന്‍ പൗരന്മാരെ ഇതിനകം സുരക്ഷിതമായി  ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 996 പേരെ അര്‍മേനിയയിലേക്കും 204 പേരെ അസര്‍ബൈജാനിലേക്കും മാറ്റി. ഇവരില്‍ 845 പേര്‍ വിദ്യാര്‍ഥികളാണെന്നും മന്ത്രാലയം വ്യക്തമാക്കി.