ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം: ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു

Wait 5 sec.

ന്യൂഡല്‍ഹി| ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കം. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് കണക്കില്‍പ്പെടാത്ത കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.സംഭവം വിവാദമായതോടെ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് യശ്വന്ത് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ജസ്റ്റിസ് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്.അതേസമയം, പണം കണ്ടെടുത്ത സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പറയുന്നത്.