ഇ കെ ഹസന്‍ മുസ്ലിയാരെ ഓര്‍ക്കുമ്പോള്‍

Wait 5 sec.

സുന്നികളുടെ ആദര്‍ശപടയോട്ട ചരിത്രത്തില്‍ സമാനരില്ലാത്ത നായകനാണ് ഇ കെ ഹസന്‍ മുസ്്ലിയാര്‍. ശിഷ്യന്മാര്‍ക്ക് കര്‍ക്കശക്കാരനായ മുദർരിസ് എന്നതോടൊപ്പം സ്‌നേഹവത്സനായ പിതാവ് കൂടിയായിരുന്നു മഹാനവര്‍കള്‍. 1965ല്‍ ഇരുമ്പുചോലയില്‍ നിന്ന് ഇടക്കാലത്ത് ദര്‍സ് അവസാനിപ്പിച്ചപ്പോള്‍, കേരളം കടുത്ത ക്ഷാമത്തിലൂടെ കടന്നുപോകുന്ന കാലമായതിനാല്‍ ഉസ്താദിനെയും കുട്ടികളെയും ഏറ്റെടുക്കാന്‍ ഒരു മഹല്ലുകാരുമുണ്ടായില്ല. പുത്തൂപാടത്തെ പുരയിടം 2,000 രൂപക്ക് വിറ്റ് ഐക്കരപ്പടിയില്‍ വാടകക്കെട്ടിടമെടുത്ത് ദര്‍സ് നടത്താനൊരുങ്ങിയ അദ്ദേഹം ഇക്കാര്യം തന്നോട് പങ്കുവെച്ചപ്പോള്‍ അത് തടയുകയും പാലക്കാട് ജന്നത്തുല്‍ ഉലൂമിന്റെ പിറവിയില്‍ കലാശിക്കുകയും ചെയ്ത അനുഭവം മര്‍ഹൂം കെ എം മാത്തോട്ടം എഴുതിയിട്ടുണ്ട്. ഹസന്‍ മുസ്്ലിയാര്‍ പ്രിന്‍സിപ്പലായി സാരഥ്യം വഹിച്ച സമയം ജന്നത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു.വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹമുണ്ടായിരുന്ന ഹസന്‍ മുസ്്ലിയാര്‍ പഠനകാലത്ത് തന്നെ പ്രസംഗകന്‍, ചിന്തകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിരുന്നു. 1958 കാലത്ത് സുബുലുസ്സലാം മാസികയില്‍ എഴുതിത്തുടങ്ങിയ അദ്ദേഹം സുന്നി ടൈംസിലും സുന്നിവോയ്സിലും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. സ്വന്തം നിലപാടുകള്‍ വെട്ടിത്തുറന്നു പറയാനായി അല്‍ജലാല്‍ എന്ന സ്വന്തമായൊരു മാസികയും പുറത്തിറക്കിയിരുന്നു. തഹ്ദീദുല്‍ ഇഖ്്വാന്‍ മിന്‍ തര്‍ജുമത്തില്‍ ഖുര്‍ആന്‍, പഞ്ചലക്ഷ്യങ്ങള്‍, ആദാബുല്‍ ജമാഅ:, വ്യാജദൂതന്‍ എന്നീ രചനകളും മഹാന്റേതാണ്. പണ്ഡിതന്മാരെ ലക്ഷ്യംവെച്ച് ദലാഇലുസ്സുന്നിയ്യ: എന്ന പേരില്‍ ഒരു അറബി ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാകും മുമ്പായിരുന്നു വിയോഗം.1968 നവംബര്‍ ഏഴിന് എസ് വൈ എസ് സംസ്ഥാന വൈ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനാ സാരഥി എന്ന നിലയില്‍ കര്‍മഗോദയില്‍ കൂടുതല്‍ സജീവമാകാന്‍ അവസരമൊരുങ്ങി. 1970ല്‍ സമസ്ത മുശാവറ അംഗമായ അദ്ദേഹം, 1976 ആഗസ്ത് 22ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സുല്‍ത്വാനുല്‍ ഉലമാ എ പി ഉസ്താദ് ജനറല്‍ സെക്രട്ടറിയും. സുന്നീ കേരളത്തിന്റെ മുന്നേറ്റവഴിയിലെ നാഴികക്കല്ലായി മാറിയ തീരുമാനമായിരുന്നു അത്. ഇരുവരെയും നിര്‍ദേശിച്ചത് ആത്മീയ ഗുരു ചാപ്പനങ്ങാടി ബാപ്പു മുസ്്ലിയാരായിരുന്നു. ആ അകക്കാഴ്ചയുടെ ഗുണമാണ് സുന്നീ സമൂഹം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആദര്‍ശവും പ്രസ്ഥാനവുമായി ബന്ധപ്പെട്ട എന്തും സ്വന്തം ഉത്തരവാദിത്വമായി ഹസന്‍ മുസ്്ലിയാര്‍ കണ്ടു. ആദര്‍ശവൈരികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ശൈഖുനാ സന്നദ്ധനായിരുന്നില്ല. ഗൗരവം സ്ഫുരിക്കുന്ന അവതരണവും അതിഗംഭീര ശബ്ദവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചേകന്നൂര്‍ മൗലവിയുടെ വികല വാദങ്ങളെ ഖണ്ഡിക്കുന്നതില്‍ അസാധാരണ പാടവമുണ്ടായിരുന്നു ഹസന്‍ മുസ്്ലിയാര്‍ക്ക്.വെള്ളിയഞ്ചേരി, ചെറുവാടി, എടത്തറ, കൂരിക്കുഴി, വാരണാക്കര, താനാളൂര്‍, അലനല്ലൂര്‍, വാഴക്കാട്, നന്തി, കുറ്റിച്ചിറ എന്നിവിടങ്ങളില്‍ പുത്തന്‍വാദികളുമായി മഹാന്‍ നടത്തിയ ആശയപോരാട്ടങ്ങള്‍ ഐതിഹാസികമായിരുന്നു. ഖുത്ബയുടെ ഭാഷ, തവസ്സുല്‍, ഇസ്തിഗാസ എന്നിവയായിരുന്നു ഹസന്‍ മുസ്്ലിയാരുടെ ഇഷ്ടവിഷയങ്ങള്‍. ചേകന്നൂരുമായി ചെറുവാടിയില്‍ നടന്ന വാദപ്രതിവാദം നിസ്‌കാരം മൂന്ന് വഖ്തേയുള്ളൂവെന്ന വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. പുത്തന്‍വാദികളുടെ ശല്യമുണ്ടെന്നറിയിച്ച് ഒരു പോസ്റ്റ് കാര്‍ഡ് ലഭിച്ചാല്‍ പോലും ബന്ധപ്പെട്ട സ്ഥലത്ത് പാഞ്ഞെത്തുമായിരുന്നു.1981 ആഗസ്റ്റ് പത്തിന് ചേര്‍ന്ന മുശാവറ, ഔദ്യോഗിക നിലയില്‍ വല്ല വാദപ്രതിവാദവും വേണ്ടിവന്നാല്‍ അതിന് ഹസന്‍ മുസ്്ലിയാരെയും ഉള്‍പ്പെടുത്തിയത് ആദര്‍ശപോരാട്ടത്തിന്റെ ഭാഗമായി നടത്തിയ വാദപ്രതിവാദ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണ്ഡിത കേരളത്തിന്റെ അംഗീകാരമായിരുന്നു. പ്രസ്ഥാനം, ആദര്‍ശം, സ്ഥാപനം എന്നിവക്കെതിരെ കള്ളക്കേസ് കൊടുക്കുകയും കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നത് കുലത്തൊഴിലാക്കിയ വഹാബികള്‍ക്കെതിരെ അദ്ദേഹം നിര്‍ഭയം കോടതി കയറി. മുടങ്ങാത്ത ദര്‍സ്, ലേഖനമെഴുത്ത്, ഗ്രന്ഥരചന, ഖണ്ഡന പ്രസംഗം, വാദപ്രതിവാദം, കോടതി കയറ്റം, സംഘാടനം, സ്ഥാപന നടത്തിപ്പ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തിരക്കേറിയ ജീവിതമായിരുന്നു ഹസന്‍ മുസ്്ലിയാരുടേത്. ആദര്‍ശധീരത, ധൈര്യം, ബുദ്ധിശക്തി, ഓര്‍മശക്തി, സൂക്ഷ്മത, നേതൃപാടവം, ആത്മാര്‍ഥത, സമയനിഷ്ഠ, താഴ്മ എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളുടെ സംഗമമായിരുന്നു അദ്ദേഹം.മരണശയ്യയില്‍ കിടക്കുന്ന ശൈഖുനായോട് മുസ്്ലിമാകാനാവശ്യപ്പെട്ട് തീവ്ര മുജാഹിദ് നേതാവ് കത്തെഴുതിയത് അക്കാലത്ത് ഒട്ടേറെ കോലാഹലങ്ങള്‍ക്കിടയാക്കി. പ്രവര്‍ത്തന ഗോദയില്‍ മഹാത്ഭുതം സൃഷ്ടിച്ച ഹസന്‍ മുസ്്ലിയാര്‍ പ്രാതികൂല്യങ്ങളുടെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് മുന്നേറിയത്. പൂര്‍വികര്‍ സഹിച്ച ത്യാഗത്തിന്റെ ഓര്‍മകളാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ അദ്ദേഹത്തിന് കരുത്തു പകര്‍ന്നത്. ലോകമാന്യമെന്തെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും ഇബാദത്തില്‍ വീഴ്ച വരുത്തിയില്ല. റവാതിബ് സുന്നത്തുകള്‍ മുടങ്ങാതിരിക്കാനായി അവ നേര്‍ച്ചയാക്കിയിരുന്നുവത്രെ. പാരത്രികലോകത്തേക്കുള്ള അനശ്വര സമ്പാദ്യങ്ങളല്ലാതെ ഭൗതികമായി ഒന്നും നേടിയില്ല അദ്ദേഹം.ഹസന്‍ മുസ്്ലിയാരുടെ ആത്മാര്‍ഥതയില്‍ എതിരാളികള്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല. ഇരുളിന്റെ ശക്തികള്‍ പക്ഷേ അദ്ദേഹത്തെ ഭയന്നു. ഉസ്താദിന്റെ അനാരോഗ്യവും പിന്നീടുള്ള മരണവും അവര്‍ ആഘോഷമാക്കി. തന്റെ ഉത്തമ ബോധ്യത്തിനെതിരായോ മനഃസാക്ഷിയെ വഞ്ചിച്ചോ അദ്ദേഹം ഒന്നും ചെയ്തില്ല. ക്യാന്‍സര്‍ ബാധിതനായി മണിപ്പാലില്‍ കഴിയുമ്പോള്‍ അദ്ദേഹം പങ്കുവെച്ച വാക്കുകള്‍ “സമസ്തയുടെ ചരിത്ര’ത്തില്‍ നൂറുല്‍ ഉലമ എംഎ ഉസ്താദ് കുറിക്കുന്നു: “നമ്മുടെ ശ്വാസം റബ്ബിന്റെ ദീനിന് വേണ്ടി ചെലവഴിച്ചുവെന്ന് സമാധാനപ്പെടാമല്ലേ?’1982 ആഗസ്റ്റ് 14 (ഹി. 1402 ശവ്വാല്‍ 25) നാണ് ശൈഖുനാ വഫാതായത്. മഹാന് ലഭിച്ച അനുഗ്രഹങ്ങളെ അല്ലാഹു ഏറ്റിക്കൊടുക്കട്ടെ.