* ആറ്റിങ്ങലിന് സമീപത്തുനിന്ന് 600 ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തുരാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600 ലധികം എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിക്കുന്നു. ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക എൽ.പി.ജി സിലിണ്ടറുകളും സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു.കൂടാതെ ഏപ്രിൽ 10ന് രാത്രി സാധുവായ രേഖകളില്ലാതെ ഒരു വാഹനത്തിൽ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ പൊലീസ് തടയുകയും സിവിൽ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിക്കുകയും തുടർന്ന് മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും എൽപിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും 1955-ലെ അവശ്യസാധന നിയമപ്രകാരവും തുടർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായവയും ഉൾപ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതർ അറിയിച്ചു.പിടിച്ചെടുത്ത സാധനങ്ങൾ എല്ലാം തുടർ അന്വേഷണത്തിനായി സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേരള എൽ.പി.ജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഗാർഹികവും വാണിജ്യവുമായ എൽ.പി.ജി സിലിണ്ടറുകളുടെ കരിഞ്ചന്ത ഉൾപ്പെടെ എല്ലാ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനകൾ കേരളമൊട്ടാകെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.