ബഹിരാകാശ ഗവേഷണത്തിന് പുതിയ ഉണര്‍വും ദിശാബോധവും നല്‍കുന്ന കുതിച്ചുചാട്ടമാണ് ആര്‍ട്ടെമിസ് 2. മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റിയ ആര്‍ട്ടെമിസ് 2 ദൗത്യസംഘം സഞ്ചരിച്ച ഓറിയോണ്‍ പേടകം യു എസിലെ കാലിഫോര്‍ണിയക്ക് സമീപം പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ്ഡൗണ്‍ ചെയ്തതോടെ ലോകത്താകെയുള്ള ഇത്തരം ദൗത്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം കൈവന്നിരിക്കുന്നു. വിക്ടര്‍ ഗ്ലോവര്‍, റീഡ് വീസ്മാന്‍, ജെറമി ഹാന്‍സന്‍, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ഓറിയോണ്‍ പേടകത്തില്‍ ചന്ദ്രനെ ചുറ്റി പത്ത് ദിവസത്തെ യാത്രക്ക് ശേഷം സുരക്ഷിതരായി തിരിച്ചിറങ്ങിയത്. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തില്‍ പേടകത്തിന് ചുറ്റും 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു.പേടകത്തിലെ ശക്തമായ താപകവചം ഉപയോഗിച്ച് യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം ഭീമന്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗം നിയന്ത്രിച്ചാണ് പേടകം കടലിലേക്ക് പതിച്ചത്. രണ്ട് തവണ ഭൂമിയെ വലം വെച്ചതുള്‍പ്പെടെ ഏകദേശം 11,17,515 കിലോമീറ്ററാണ് യാത്ര ചെയ്തത്. ചന്ദ്രനില്‍ ഇറങ്ങിയില്ലെങ്കിലും അപ്പോളോ 13 ദൗത്യത്തിന്റെ ദൂരപരിധി മറികടന്ന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം (2,52,756 മൈല്‍) സഞ്ചരിച്ച മനുഷ്യര്‍ എന്ന ലോക റെക്കോര്‍ഡ് ഇവർ സ്വന്തമാക്കി. 1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമാണിത്. ഭാവിയില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്.ഓറിയോണ്‍ പേടകം സുരക്ഷിതമായി പതിക്കുകയും യാത്രികരെ കരയിലെത്തിക്കുകയും ചെയ്ത നിമിഷം, കേവലം ഒരു പരീക്ഷണ പറക്കലിന്റെ വിജയകരമായ അന്ത്യം മാത്രമല്ല, മറിച്ച് ബഹിരാകാശ പര്യവേക്ഷണത്തിന്റെ രണ്ടാം യുഗത്തിലേക്കുള്ള മനുഷ്യന്റെ ഔദ്യോഗികമായ പ്രവേശനം കൂടിയാണ്. നാസയുടെ പത്ത് ദിവസം നീണ്ട ഈ ദൗത്യം ചന്ദ്രനിലിറങ്ങുക എന്നതിലുപരി, ചന്ദ്രന്റെ ഭ്രമണപഥം മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരീക്ഷിക്കുകയായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു. ആര്‍ട്ടെമിസ് 2 സംഘം ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് സൂര്യപ്രകാശത്തിന്റെ പ്രതിഫലനം കണ്ടവരാണ്. ഭാവി ഗവേഷണത്തിന് ഏറെ ഉപകാരപ്രദമായ നിരവധി ചിത്രങ്ങള്‍ അവര്‍ പകര്‍ത്തി.പേടകത്തിന്റെ താപകവചങ്ങള്‍ അന്തരീക്ഷ പുനഃപ്രവേശനത്തിലെ അതിശക്തമായ ചൂടിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതായിരുന്നു ഈ മടക്കയാത്രയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. അത് വിജയകരമായി പൂര്‍ത്തിയായതോടെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് 3 ദൗത്യത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമാകുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചും അവിടുത്തെ ധാതുക്കളെക്കുറിച്ചും പേടകത്തിലെ സെന്‍സറുകള്‍ ശേഖരിച്ച വിവരങ്ങള്‍ വരാനിരിക്കുന്ന “ലൂണാര്‍ ഗേറ്റ്വേ’ എന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിന് നിര്‍ണായകമാകും. ചന്ദ്രനെ ഒരു ഇടത്താവളമാക്കി ചൊവ്വയിലേക്ക് കുതിക്കാനുള്ള മനുഷ്യന്റെ സ്വപ്‌നത്തിന് ചിറക് നല്‍കുന്നതാകും ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൂന്നും നാലും ഘട്ടങ്ങള്‍.ആര്‍ട്ടെമിസ് 2വിന്റെ വിജയം ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്കും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഈ ദൗത്യത്തില്‍ ഉപയോഗിച്ച സുരക്ഷാ പ്രോട്ടോകോളുകളും റീ- എന്‍ട്രി സാങ്കേതിക വിദ്യകളും ഐ എസ് ആര്‍ ഒക്ക് തങ്ങളുടെ ദൗത്യങ്ങള്‍ പരിഷ്‌കരിക്കാന്‍ സഹായകമാകും. ബഹിരാകാശത്തെ ആപത്കരമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ അന്താരാഷ്ട്ര കൂട്ടായ്മകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ മികച്ച പാഠമാണ് ആര്‍ട്ടെമിസ് നല്‍കുന്നത്.ചൈനക്ക് മുമ്പേ അമേരിക്ക ഇത്തരമൊരു ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും നീണ്ട ഇടവേളക്ക് ശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുകയെന്ന നേട്ടം കൈവരിക്കുന്ന രാജ്യമായി യു എസ് മാറുമെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അത്തരം കിടമത്സരങ്ങളുടെ കാലം കഴിഞ്ഞുവെന്നും സഹകരണത്തിന്റെ യുഗമാണിതെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കണം. നാസയുടെ നേട്ടം രാഷ്ട്രീയ അവകാശവാദങ്ങള്‍ക്ക് യു എസ് ഭരണകൂടം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അവരും തെറ്റായ വഴിയിലൂടെയണ് നീങ്ങുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആര്‍ ഒ അടക്കമുള്ളവയുടെ ഗവേഷണ പരിശ്രമങ്ങളുടെ ആകെത്തുകയാണ് നാസയെയും പുതിയ ദൗത്യങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ നല്‍കിയ ഉള്‍ക്കാഴ്ച ആര്‍ക്കും നിഷേധിക്കാവുന്നതല്ല. മാനവരാശിയുടെ നേട്ടങ്ങളായി ഇത്തരം ദൗത്യങ്ങളെ കൊണ്ടാടുന്നതാകും ഉചിതം.ആര്‍ട്ടെമിസ് സീരീസ് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ അടിസ്ഥാനം 61 രാജ്യങ്ങള്‍ ഒപ്പിട്ട ബഹുരാഷ്ട്ര കരാറാണ്. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം, പ്രവര്‍ത്തനങ്ങളിലെ സുതാര്യത, അടിയന്തര സഹായങ്ങള്‍ നല്‍കുക, ബഹിരാകാശ വസ്തുക്കള്‍ (ഉദാ: ഉപഗ്രഹങ്ങള്‍, റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍) രജിസ്റ്റര്‍ ചെയ്യുക, ശാസ്ത്രവിവര വിനിമയം, ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗം, പരസ്പര സ്പര്‍ധ ഒഴിവാക്കുന്നതില്‍ പങ്കു വഹിക്കുക, ബഹിരാകാശ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പരസ്പര ധാരണ തുടങ്ങിയവയാണ് ആര്‍ട്ടെമിസ് കരാറിന്റെ ലക്ഷ്യം. യു എന്നിന്റെ പരിധിയില്‍ വരുന്നതല്ല ഈ കരാറെങ്കിലും ഗവേഷണത്തിന്റെ ബഹുരാഷ്ട്ര പങ്കാളിത്തം അത് ഉറപ്പ് വരുത്തുന്നുണ്ട്. ആര്‍ട്ടെമിസ് ആറ് വരെ നീളുന്ന പദ്ധതികളാണ് നാസ തയ്യാറാക്കിയിട്ടുള്ളത്.അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തെ കുറിച്ച് മനുഷ്യന്റെ ധാരണകള്‍ എത്ര പരിമിതമാണ്. അറിവിന്റെ വൃത്തം കൂടുതല്‍ വിപുലമാകാന്‍ എല്ലാ ഗവേഷണങ്ങളും ഉപകരിക്കട്ടെ.