ജാതി ചോദിക്കുന്ന കലാലയങ്ങൾ

Wait 5 sec.

കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാർഥി ആര്‍ എല്‍ നിതിന്‍രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്. അധ്യാപകരില്‍ നിന്ന് നിതിന് കൊടിയ ജാതി അധിക്ഷേപം നേരിടേണ്ടി വന്നതായും കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതല്ല, മറിച്ച് അധ്യാപകര്‍ തള്ളിയിട്ടതാണോ എന്ന് സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു. കോളജിലെ അധ്യാപകരില്‍ നിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി നിതിന്‍രാജിന്റെ സഹോദരി നിഖിതയും വെളിപ്പെടുത്തി. അവര്‍ അവനെ “തെരുവു പട്ടി’ എന്നാണ് വിളിച്ചിരുന്നത്. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. എന്നാല്‍ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. പലരില്‍ നിന്നും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ അവന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിഖിത പറയുന്നു.നിതിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കുടുംബം വെളിപ്പെടുത്തി. നിറത്തിന്റെ പേരില്‍ പോലും അധ്യാപകന്‍ നിതിനെ അധിക്ഷേപിച്ചിരുന്നു. “പുഴുത്ത പട്ടി, പേപ്പട്ടി’ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ക്ലാസ്സില്‍ വെച്ച് നിതിന്റെ ഉത്തരക്കടലാസുകള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി അധ്യാപകന്‍ പരസ്യമായി പരിഹസിച്ചു. ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാന്‍ മറ്റ് വിദ്യാര്‍ഥികളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. കളിയാക്കുമ്പോള്‍ ചിരിക്കാത്ത കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചിരുന്നതായും സഹോദരി ആരോപിക്കുന്നുണ്ട്.നിതിന്‍ രാജിന്റെ കുടുംബവും സഹോദരിയും പറയുന്നതനുസരിച്ച് വളരെ ക്രൂരവും നിന്ദ്യവുമായ ജാതി അധിക്ഷേപങ്ങള്‍ക്കും അക്രമത്തിനുമാണ് നിതിന്‍രാജ് ഇരയായിരിക്കുന്നത്. വലിയ പുരോഗമനവും ആധുനികതയും അവകാശപ്പെടുന്ന കേരളത്തിലാണ് ഇത്തരമൊരു സംഭവം എന്നത് അപലപനീയമാണ്. ഒരു പ്രമുഖ ദന്തല്‍ കോളജില്‍ നിതിന്‍രാജ് എന്ന വിദ്യാർഥിക്ക് തന്റെ ജീവന്‍ ബലി നല്‍കേണ്ടി വന്ന സാഹചര്യം ജാതി എന്ന കൊടുംവിഷം നമ്മുടെ സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്.ഈ വിവേചനം ഇന്ത്യന്‍ കലാലയങ്ങളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആഴത്തിലുള്ള മുറിവുകളുടെ തുടര്‍ച്ചയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല മുതല്‍ മുംബൈ ബി വൈ എല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോ. പായല്‍ തദ്‌വി വരെയുള്ളവര്‍ ഈ ക്രൂരമായ വ്യവസ്ഥിതിയുടെ ഇരകളാണ്. എന്റെ ജനനം ഒരു അപകടമായിരുന്നു എന്ന് രോഹിത് വെമുല തന്റെ ആത്മഹത്യക്കുറിപ്പില്‍ എഴുതിയപ്പോള്‍ അത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദളിത്-പിന്നാക്ക വിദ്യാർഥികള്‍ അനുഭവിക്കുന്ന അസ്തിത്വപരമായ പ്രതിസന്ധിയുടെ നേര്‍ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും നിറത്തെയും ജാതിയെയും മുന്‍നിര്‍ത്തി അധ്യാപകര്‍ നടത്തിയെന്ന് പറയപ്പെടുന്ന അധിക്ഷേപങ്ങള്‍ സൂചിപ്പിക്കുന്നത്, അധികാരം കൈയാളുന്നവരുടെ മനസ്സിലെ സവര്‍ണ മേധാവിത്വ ചിന്താഗതി ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നാണ്.യഥാർഥത്തില്‍ വിദ്യാഭ്യാസം എന്നത് മനുഷ്യനെ വിവേകിയാക്കാനും അവന്റെ കാഴ്ചപ്പാടുകള്‍ വിശാലമാക്കാനുമുള്ള ജനാധിപത്യപരമായ പ്രക്രിയയാണ്. അധ്യാപകര്‍ തന്നെ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നത് വിദ്യാർഥികളില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം ചെറുതല്ല. വിദ്യാർഥിയുടെ മികവിനെ അവന്റെ ജാതിയുമായി ബന്ധിപ്പിക്കുകയും സംവരണത്തിലൂടെ എത്തിയവന്‍ എന്ന് മുദ്ര കുത്തി അവനെ തളര്‍ത്തുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. നിതിന്‍രാജിന്റെ കാര്യത്തില്‍ പരാതി നല്‍കിയിട്ടും കോളജ് അധികൃതര്‍ നടപടിയെടുക്കാതിരുന്നത്, വ്യവസ്ഥിതി ഇത്തരം അതിക്രമങ്ങളെ എത്രത്തോളം സംരക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴിമാറേണ്ടതുണ്ട്. നവോത്ഥാന നായകന്മാര്‍ പൊരുതി നേടിയെടുത്ത തുല്യനീതി എന്ന സങ്കല്‍പ്പം കലാലയ മതിലുകള്‍ക്കുള്ളില്‍ പടിയടച്ച് പിണ്ഡം വെക്കപ്പെടുകയാണ്. മെറിറ്റും സംവരണവും തമ്മിലുള്ള ചര്‍ച്ചകളെ പലപ്പോഴും ജാതീയമായ അധിക്ഷേപത്തിനുള്ള ആയുധമായാണ് പലരും ഉപയോഗിക്കുന്നത്. വിദ്യാർഥികള്‍ക്കിടയില്‍ സൗഹൃദത്തേക്കാള്‍ ഉപരിയായി ജാതി തിരിച്ചുള്ള ഗ്രൂപ്പുകള്‍ രൂപപ്പെടുന്നതും ഹോസ്റ്റലുകളിലും ക്യാമ്പസുകളിലും അദൃശ്യമായ ജാതി മതിലുകള്‍ നിലനില്‍ക്കുന്നതും വലിയ പുരോഗമനവും ധൈഷണികതയും അവകാശപ്പെടുന്ന കേരളത്തിന് ചേര്‍ന്നതല്ല.പലതരത്തിലുള്ള നിയമങ്ങളുണ്ടെങ്കിലും ജാതി അധിക്ഷേപങ്ങള്‍ തടയുന്നതില്‍ നമ്മുടെ സർവകലാശാലകള്‍ പലപ്പോഴും പരാജയപ്പെടുന്നു. എസ് സി/എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് നിലവിലുണ്ടെങ്കിലും, അത് ഫലപ്രദമായി നടപ്പാക്കാനോ ഇരകള്‍ക്ക് നീതി ഉറപ്പാക്കാനോ ഉള്ള ഇച്ഛാശക്തി അധികൃതര്‍ കാണിക്കാറില്ല. നിതിന്‍രാജിന്റെ മരണത്തിന് പിന്നാലെ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതാര്‍ഹമാണെങ്കിലും, അത് കേവലം താത്കാലിക നടപടിയില്‍ ഒതുങ്ങരുത്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ സാധിക്കൂ. ക്യാമ്പസുകളിലെ നീതി എന്നത് ഓരോരുത്തരുടെയും അവകാശമാണെന്ന് അധികൃതര്‍ തിരിച്ചറിയണം.കേവലമായ സസ്‌പെന്‍ഷനുകള്‍ കൊണ്ട് കഴുകിക്കളയാവുന്നതല്ല ഇത്തരം ജാതീയമായ കറകള്‍. ഡിജിറ്റല്‍ യുഗത്തിലും എ ഐ സാങ്കേതികവിദ്യകളിലും നാം മുന്നേറുമ്പോഴും മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ജാതിവെറി ഒരു മാരക രോഗമായി നമുക്കിടയിലുണ്ട്. മെഡിക്കല്‍ വിദ്യാർഥികള്‍ പോലും ഇത്തരത്തില്‍ വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നത് ആരോഗ്യരംഗത്തെ വരുംകാലത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ പഠിക്കുന്നവര്‍ തന്നെ സഹപ്രവര്‍ത്തകന്റെ ജീവനെടുക്കുന്ന മാനസികാവസ്ഥയിലേക്ക് മാറുന്നത് സാംസ്‌കാരികമായ ജീർണതയാണ്.ജാതി ചിന്തകള്‍ക്ക് അതീതമായ വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ പാഠ്യപദ്ധതികള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള മാർഗമായി മാത്രം ഒതുങ്ങാതെ സഹജീവി സ്‌നേഹവും സമത്വബോധവും വളര്‍ത്തുന്ന ഒന്നായി കൂടി മാറണം. നിതിന്‍രാജിന്റെ മരണം ഒരു വാര്‍ത്തയായി മാത്രം ഒതുങ്ങിപ്പോകരുത്. അത് നമ്മുടെ കലാലയങ്ങളിലെ അധികാര ഘടനകളെയും അധിനിവേശ സ്വഭാവമുള്ള പെരുമാറ്റങ്ങളെയും കുറിച്ചുള്ള പുനര്‍ചിന്തനമാകണം. ഓരോ ക്യാമ്പസിലും ജാതി വിവേചനം തടയാന്‍ കര്‍ശനമായ സെല്ലുകള്‍ രൂപവത്കരിക്കുകയും അവിടുത്തെ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും വേണം. ജാതി അധിക്ഷേപം നേരിടുന്ന വിദ്യാർഥിക്ക് താന്‍ തനിച്ചല്ല എന്ന ബോധ്യം നല്‍കാന്‍ കലാലയ രാഷ്ട്രീയത്തിനും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും സാധിക്കണം.