ന്യൂഡൽഹി | ഇറാൻ യുദ്ധം മൂലമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഇന്ത്യയിൽ വളം, ബാറ്ററികൾ, കെമിക്കലുകൾ, ലോഹങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയുടെ ഉൽപ്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ സൾഫർ വിതരണത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷമാണ് ഈ പ്രതിസന്ധിക്ക് കാരണം.യുറിയ, ഫോസ്ഫേറ്റ് വളങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ സൾഫറിന്റെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ആഗോള സൾഫർ പ്രവാഹത്തിന്റെ പകുതിയോളം നടക്കുന്നതെന്നാണ് മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ന് ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം 44,000 ലധികം കമ്പനികളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു.എണ്ണ, പ്രകൃതിവാതക സംസ്കരണത്തിന്റെ ഉപോൽപ്പന്നമായാണ് സൾഫർ പ്രധാനമായും ലഭിക്കുന്നത്. ആഗോള സൾഫർ കയറ്റുമതിയുടെ 45 ശതമാനത്തിലധികം ഗൾഫ് മേഖലയിൽ നിന്നാണ്. അതിനാൽ തന്നെ എണ്ണ വിതരണത്തിലുണ്ടാകുന്ന ഏത് തടസ്സവും സൾഫർ ലഭ്യതയെയും നേരിട്ട് ബാധിക്കും. ലോകത്തിലെ സൾഫർ ഡിമാൻഡിന്റെ 60 ശതമാനവും വളം നിർമ്മാണ മേഖലയിൽ നിന്നാണ്. ബാക്കിയുള്ളവ സെമികണ്ടക്ടർ ചിപ്പുകൾ നിർമ്മിക്കാനും ലോഹ സംസ്‌കരണത്തിനും ബാറ്ററികൾക്കുമായാണ് ഉപയോഗിക്കുന്നത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി വളം സബ്‌സിഡി ഭാരം വർദ്ധിക്കുന്നതിനും കർഷകർക്ക് ഇൻപുട്ട് ചിലവ് കൂടുന്നതിനും കാരണമാകും. ഇത് ആത്യന്തികമായി ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിച്ചേക്കാം. കൂടാതെ സെമികണ്ടക്ടർ ഉൽപ്പാദനത്തിലും കെമിക്കൽ മേഖലയിലും ചിലവ് വർദ്ധിക്കുന്നത് പ്രതിസന്ധിയുണ്ടാക്കും. ചൈന കൂടി സൾഫ്യൂറിക് ആസിഡ് കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള വിപണിയിൽ വലിയ ക്ഷാമത്തിന് വഴിതെളിക്കും.കർഷകരെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പോഷകാധിഷ്ഠിത സബ്‌സിഡിയിൽ (എൻ ബി എസ്) ഏകദേശം 12 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ സാമ്പത്തിക ഭാരം വർദ്ധിക്കുന്നത് സർക്കാരിന് വെല്ലുവിളിയാകും.SummaryThe ongoing conflict involving Iran has caused a significant disruption in the supply of sulphur, a critical raw material for fertilizers, semiconductors, and batteries. As India heavily depends on sulphur imports for agricultural needs, this supply shock via the Strait of Hormuz could lead to higher farming costs and food inflation. While the Indian government has increased subsidies to shield farmers, a prolonged war may pose a severe threat to the industrial and agricultural sectors.