വിവാദങ്ങൾക്കിടെ ഗള്‍ഫില്‍ പ്രദർശനത്തിലെത്തി ‘ടിഎൻ 2026'

Wait 5 sec.

തമിഴ് സിനിമാലോകത്ത് ചര്‍ച്ചകൾക്ക് വഴിവെച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം 'ടിഎന്‍ 2026' (തങ്കനച്ചത്തിരം2026) ന് ഗള്‍ഫിലും പ്രദ‍ർശനത്തിനെത്തി. നടൻ നട്ടി നായകനായി എത്തിയ ചിത്രം തമിഴ് രാഷ്ട്രീയത്തെയും സിനിമാ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങിയതോടെ ചിത്രം രജനീകാന്തിനെയും വിജയിയെയും ലക്ഷ്യമിടുന്നതാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിലെ ‘കുൽകന്ത് കുമാർ’ എന്ന കഥാപാത്രം, ഒരു ഉത്തരേന്ത്യക്കാരൻ തമിഴ് സിനിമയിൽ സൂപ്പർതാരമായി ഉയർന്ന് പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതാണ് കഥാപശ്ചാത്തലം. സിനിമ ആരെയും വ്യക്തിപരമായി ലക്ഷ്യമിട്ട് ഒരുക്കിയതല്ലെന്ന് നിർമ്മാതാക്കളായ കണ്ണൻ രവിയും മകൻ ദീപക് രവിയും വ്യക്തമാക്കി. സമകാലിക തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് സിനിമയിലൂടെയെന്നും ഇരുവരും പറഞ്ഞു.ഓരോ സിനിമക്കും അതിന്‍റെ സമയമുണ്ട്. ‘ടിഎൻ 2026’ ഇപ്പോഴത്തെ കാലഘട്ടത്തിന് അനുയോജ്യമായ ചിത്രമാണ്. പ്രേക്ഷകർ ഇത് ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കണ്ണൻ രവി പറഞ്ഞു. സിനിമയെ സിനിമയായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംവിധായകൻ ഉമാപതി രാമയ്യയും തിരക്കഥാകൃത്ത് തമ്പി രാമയ്യയും ഇതിനുമുമ്പ് ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, മേശഹ റാവു, ചന്ദിനി തമിഴരെശൻ, യാഷിക ആനന്ദ്, റെഡിൻ കിംഗ്സ്ലി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീത സംവിധാനം ദർബൂക ശിവയാണ്. ഛായാഗ്രഹണം പി.ജി. മുത്തയ്യയും എഡിറ്റിങ് അരുൾ ആർ. തങ്കവുമാണ്.