ഇന്ത്യൻ സിനിമയിലെ മാന്ത്രിക ശബ്ദം; ആശ ഭോസ്‌ലെയ്ക്ക് വിട

Wait 5 sec.

പിന്നണി ഗായിക ആശ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിലാണ് ആശ ഭോസ്‌ലെയുടെ ജനനം.മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും മകളായ ആശ പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് കൂടിയാണ്. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.1943-ൽ തന്റെ പത്താം വയസ്സിൽ 'മാഝാ ബാൽ' എന്ന ചിത്രത്തിലെ ചലാ ചലാ നവ് ബാലാ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്കുള്ള ആശ ഭോസ്‌ലെയുടെ അരങ്ങേറ്റം. ഹിന്ദിയിൽ 1945-ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948-ൽ റിലീസായ 'ചുനരിയ' ആണ് ആശയുടെ ആദ്യ ചിത്രമായി പറയപ്പെടുന്നത്.കരിയറിൽ ഉടനീളം ഗസൽ, ക്ലാസിക്കൽ, പോപ്, റോക്ക്, ഡിസ്കോ, കാബറെ എന്നിങ്ങനെ വൈവിധ്യമാർന്ന ശൈലിയിലുള്ള ഗാനങ്ങൾ പാടിയ ഗായികയാണ് ആശ ഭോസ്‌ലെ. 1956-ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയ ഗാനങ്ങൾ ആശയുടെ കരിയറിൽ തന്നെ ഒരു വഴിത്തിരിവായി മാറി. പിന്നീട് ഈ കൂട്ടുകെട്ടിൽ നിന്ന് നിരവധി ഹിറ്റ് ഗാനങ്ങളും പിറന്നു. ആർ.ഡി. ബർമനൊപ്പവും നിരവധി ഹിറ്റുകൾ ആശ ആലപിച്ചു.1990-കളിലും 2000-ന്റെ തുടക്കത്തിലുമായി എ.ആർ. റഹ്മാന്റെ സംഗീതത്തിൽ രംഗീല, താൽ, ലഗാൻ, ദൗഡ്, ഇരുവർ തുടങ്ങിയ സിനിമകളിൽ ആശ ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ സുജാത എന്ന ചിത്രത്തിലെ സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനം ആശ ആലപിച്ചു. 1200 ഓളം ഗാനങ്ങളാണ് ആശ ഭോസ്‌ലെയുടേതായി പുറത്തുവന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.1949-ൽ തന്റെ 16-ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഗണപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം കഴിച്ചു.ഇന്ത്യൻ സംഗീതത്തിന് ഒട്ടനവധി സംഭാവനകൾ സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു ആശ ഭോസ്‌ലെ. ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശ. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഗ്രാമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചത്. 2006-ൽ യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ലഭിച്ച ആശ ഭോസ്‌ലെയെ തേടി ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവുമെത്തിയിട്ടുണ്ട്. 2021-ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.