ഫാൽക്കെ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ നടത്തിയ പ്രസംഗത്തിൽ സിനിമ തന്റെ ‘ആത്മസ്പന്ദനമെന്ന് പറഞ്ഞതു പോലെ സർക്കാരും മലയാളികളും ആവർത്തിക്കുന്നത് മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ,ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനോട് കേരളം ഒന്നടങ്കം ‘ലാൽസലാം’ എന്ന് പറയുന്നതായും മന്ത്രി പറഞ്ഞു. മോഹൻലാലിനെ ആദരിക്കുന്നതിലൂടെ ആദരിക്കപ്പെടേണ്ട, അംഗീകരിക്കപ്പെടേണ്ട എല്ലാവരെയും സർക്കാർ ചേർത്തുപിടിക്കും എന്ന സന്ദേശമാണ് നൽകുന്നത്.അറിയപ്പെടാത്ത പ്രാദേശിക തലത്തിലുള്ള സാധാരണ കലാപ്രവർത്തകർ മുതൽ ഫാൽക്കെ അവാർഡ് ജേതാവ് വരെയുള്ളവർക്കൊപ്പം സർക്കാരും സാംസ്‌കാരിക വകുപ്പും ഉണ്ടെന്നുള്ള സന്ദേശം കൂടിയാണ് ഈ ചടങ്ങ്. ചലച്ചിത്ര വികസന കോർപ്പറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ സാംസ്‌ക്കാരിക വകുപ്പ് 24 മണിക്കൂറും പ്രവർത്തനസജ്ജമായിരുന്നു എന്നതിന്റെ തെളിവാണ് ഈ മികച്ച സംഘാടനം എന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് അതിതീക്ഷ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ്; മറുവശത്ത് വളരെ ലോലഭാവമുള്ള നർമ്മബോധമുള്ള കഥാപാത്രങ്ങളും മോഹൻലാലിൽ നിന്നുണ്ടാകുന്നു.മോഹൻലാലിന് ലഭിച്ച പത്മഭൂഷൺ, പത്മശ്രീ, മികച്ച നടനുള്ള രണ്ട് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ എന്നിവ ഈ അഭിനയ സിദ്ധിക്ക് ലഭിച്ച അംഗീകാരങ്ങളാണ്. ക്യാമറക്കു മുന്നിൽ മറ്റൊരു കഥാപാത്രമാകുമ്പോൾ സംഭവിക്കുന്ന മാറ്റത്തെ ലാൽ സർഗ്ഗാത്മകത, ദൈവികത എന്നീ രണ്ടു വാക്കുകൾകൊണ്ടാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം ഒരു വാക്കു കൂടി പറഞ്ഞു: ‘വ്യക്തി അപ്രത്യക്ഷനാകുകയും കഥാപാത്രം പ്രത്യക്ഷനാകുകയും ചെയ്യുന്ന അഭിനയ ശൈലി. ഈ അഭിനയ മാതൃക വരും തലമുറകൾക്ക് പ്രചോദനമാണെന്നും ഈ ശൈലി തലമുറകൾ പഠനവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.ഒരാഴ്ചകൊണ്ടാണ് സർക്കാർ ഇത്ര വലിയൊരു സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും മന്ത്രിസഭാംഗങ്ങളുടെ പിന്തുണയും സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അക്ഷീണ പ്രയത്‌നവുമാണ് ഈ ചടങ്ങ് വൻവിജയമാക്കിയതെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരങ്ങൾക്കൊപ്പം ജനഹൃദയങ്ങളിൽ ഒരാൾ നേടുന്ന സ്ഥാനമാണ് ചരിത്രത്തിൽ അവശേഷിക്കുക. ജനഹൃദയങ്ങളിലെ സ്ഥാനമാണ് കലാകാരൻമാർക്കും പൊതു പ്രവർത്തകർക്കുമെല്ലാം പ്രധാനം.ഈ ചടങ്ങിലെ ഇരമ്പുന്ന ജനസാഗരം സാക്ഷിയായി ജനഹൃദയത്തിലുള്ള ലാലിന് ജനങ്ങളുടെ ശബ്ദത്തിൽ ഇടകലർന്നുകൊണ്ട് ലാൽ സലാം പറയുന്നതായും മന്ത്രി പറഞ്ഞു.