‘മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നു, നന്ദി പറയേണ്ടത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ നിങ്ങൾക്ക്’; മോഹൻലാൽ

Wait 5 sec.

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം കേരളം നൽകിയ സ്വീകരണത്തിൽ വികാരഭരിതനായി നടൻ മോഹൻലാൽ. തന്നെ ഇന്നത്തെ താനാക്കി മാറ്റിയ കേരളത്തിനും മലയാളികൾക്കും അവർ തിരഞ്ഞെടുത്ത സർക്കാരിനുമാണ് ഈ സ്വീകരണത്തിന് നന്ദി പറയേണ്ടതെന്നും, ഈ കാരണങ്ങൾ കൊണ്ടെല്ലാം അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി താൻ ആർജ്ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആദരിക്കുന്ന ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡൽഹിയിൽ വെച്ച് അതിവിശിഷ്ടമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വാങ്ങിയ നിമിഷത്തേക്കാൾ ഏറിയ വൈകാരിക ഭാരത്തോടെയാണ് താൻ ​ഇവിടെ നിൽക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ മുമ്പ് ഇത് ഏറ്റുവാങ്ങിയ മഹാരഥന്മാരെ കുറിച്ചു മാത്രമല്ല താൻ ഓർത്തത്, സിനിമ എന്ന കലാരൂപത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ദാദാസാഹിബ് ഫാൽക്കെ എന്ന മനുഷ്യന്റെ ജീവിതമാണ് തന്റെ മനസ്സിലൂടെ തിരുശീലയിൽ എന്നപോലെ കടന്നുപോയതെന്നും അദ്ദേഹം വെളിപ്പെടുത്തി.മുംബൈയിലെ പ്രശസ്തമായ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ചിത്രകലാ വിദ്യാർത്ഥിയിൽ നിന്നും തുടങ്ങി ‘രാജാ ഹരിശ്ചന്ദ്ര’ എന്ന സിനിമയിലേക്ക് അദ്ദേഹം നടന്നു തീർത്ത ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ, സ്വപ്നത്തെ വേട്ടയാടിപ്പിടിക്കുന്ന ഒരു മനസ്സിന്റെ ആവേഗങ്ങൾ എന്നിവ മനസ്സിലാക്കിയപ്പോൾ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ തന്റെ ശിരസ്സ് ഈ ഭൂമിയോളം കുനിഞ്ഞു. തന്റെ കഴുത്തിൽ അണിഞ്ഞ പതക്കത്തിന്റെ ഭാരം താൻ ആഴത്തിൽ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ എന്നും മോഹൻലാൽ പറഞ്ഞു. 120 വർഷങ്ങൾക്കു മുമ്പ് സിനിമക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് താൻ അടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും കടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സിനിമ എത്രയോ മുന്നോട്ടുപോയി അതിന്റെ ആകാശം ഒരുപാട് വിശാലമായെങ്കിലും, ആ ആകാശത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാൽക്കെയാണ് എന്ന് താൻ വിശ്വസിക്കുന്നു എന്നും ആ വിദൂര നക്ഷത്രത്തെ താൻ വണങ്ങുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.48 വർഷങ്ങളുടെ ദീർഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കിയ താരം, സിനിമ എന്ന സങ്കീർണ്ണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളിൽ വെച്ച് കുറച്ചു സുഹൃത്തുക്കൾ ഒരു സിനിമയെടുക്കാൻ ധൈര്യപ്പെട്ടതിനെ ഓർക്കുമ്പോൾ ഇപ്പോൾ ഭയം തോന്നുന്നു എന്ന് പറഞ്ഞു. അതിന്റെ ജോലികൾക്കായി ഈ നഗരത്തിൽ നിന്നും ട്രെയിൻ കയറി മദ്രാസിലേക്ക് പോയതും, അവിടെ വച്ച് സുഹൃത്തുക്കൾ തന്റെ ഫോട്ടോയെടുത്ത് പ്രിയപ്പെട്ട ഫാസിലിന് (പാച്ചിക്ക) അയച്ചുകൊടുത്തതുമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ’ നരേന്ദ്രനായി ക്യാമറക്ക് മുന്നിൽ നിൽക്കാൻ കാരണമായത്.ഈ സ്വീകരണത്തിലേക്ക് വരുന്നതിന്റെ തൊട്ടുമുന്നേയും താൻ ക്യാമറക്ക് മുന്നിലായിരുന്നു എന്നും, തന്റെ മുഖത്ത് ‘ദൃശ്യം’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചായം ഉണ്ടായിരുന്നു എന്നും മോഹൻലാൽ ഓർമ്മിച്ചു. വിധി ഏതൊക്കെ വഴിയിലൂടെയാണ് തന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോർത്ത് വിസ്മയിച്ചു പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കൽപ്പിച്ചാൽ, തീരത്തെ മരശിലയിൽ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് താൻ. ഒഴുക്കിൽ മുങ്ങി പോകുമ്പോഴെല്ലാം, വലിയ എഴുത്തുകാർ, സംവിധായകർ, നിർമ്മാതാക്കൾ, ഛായാഗ്രാഹകന്മാർ, തന്റെ മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവർ തുടങ്ങി പ്രതിഭയുടെ കൈയൊപ്പുള്ള കൈകൾ വന്ന് ആ ഇലയെ താങ്ങി. അക്ഷയ ശിക്ഷിതനായ താൻ ചെയ്തതെല്ലാം മടിപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾ ഇതുതന്നെയാണോ തന്റെ തൊഴിൽ എന്ന് ആലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്നേഹത്തോടെ തന്നെ വിളിച്ചുണർത്തി. “മുങ്ങി പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്ന് പറയുന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?” എന്ന ചോദ്യം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു.ഈ അഭിനയ സഞ്ചാരത്തിനൊപ്പം സമൂഹത്തിന്റെ യാത്രയും അതിന്റെ അമ്പരപ്പിക്കുന്ന മാറ്റങ്ങളും (വേഷം, ഭാഷ, ബന്ധങ്ങൾ, രുചി, സ്വപ്നങ്ങൾ, മൾട്ടിപ്ലക്സിന്റെ തണുപ്പിൽ സിനിമ കാണുന്ന രീതി) താൻ കാണുന്നുണ്ട്. ഈ മാറ്റത്തിനെല്ലാം നടുവിലൂടെയാണ് താൻ യാത്ര നടത്തിയത് എന്ന് ഓർക്കുമ്പോൾ ഏതോ ഒരു അജ്ഞാത ശക്തിയുടെ അനുഗ്രഹവും കരുതലും തനിക്ക് അനുഭവപ്പെടുന്നു. ആ ശക്തി ല്ലെങ്കിൽ ഇത്രയും കാലം ഇങ്ങനെ തുടരാൻ സാധിക്കില്ലായിരുന്നു എന്ന് വിനീതമായി തിരിച്ചറിയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ‘മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിയില്ല; മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’; മുഖ്യമന്ത്രിഅഭിനേതാവ് ഒരുപിടി കളിമണ്ണ് മാത്രമാണ്. പ്രതിഭകളുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപങ്ങൾ ലഭിക്കുന്നു. ആ രൂപം ജനങ്ങൾക്ക് ഇഷ്ടപ്പെടേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അഭിനേതാവ് തന്റെ കർമ്മം നിർവഹിക്കുന്നു. കണ്ടുകണ്ട് മനുഷ്യർക്ക് മടുക്കുന്ന കാലം വരെ തന്നെ ഇരുത്തരുത് എന്നാണ് ദീർഘകാലം അഭിനേതാക്കളായി ജീവിച്ചവരെല്ലാം പ്രാർത്ഥിക്കുന്ന ഒരു കാര്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പ്രേക്ഷകരുടെ ആ മടുപ്പിൽ നിന്നും അഭിനേതാക്കളെ രക്ഷിക്കുന്ന കവചം എഴുത്തുകാരും സംവിധായകരുമാണ് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The post ‘മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നു, നന്ദി പറയേണ്ടത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ നിങ്ങൾക്ക്’; മോഹൻലാൽ appeared first on Kairali News | Kairali News Live.