കണ്ണൂര്‍ | വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ മാളംവിട്ട് പുറത്തിറങ്ങുന്ന പാമ്പുകളുടെയും അവയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വീടുകളില്‍ നിന്നുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്ന് 6752 പാമ്പുകളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വേനല്‍ കടുത്ത ഈമാസം മാത്രം 1600 പാമ്പുകളെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ സംസ്ഥാന നോഡല്‍ ഓഫീസറുമായ മുഹമ്മദ് അന്‍വര്‍ യൂനുസ് പറഞ്ഞു.സര്‍പ്പ ആപ്പ് മുഖേന അറിയിച്ചതനുസരിച്ച് സംസ്ഥാനത്ത് നിന്ന് പിടികൂടിയ പാമ്പുകളില്‍ മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, പെരുമ്പാമ്പ്, ചേര, രാജവെമ്പാല തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. വിഷമുള്ള പാമ്പുകളെ പിടികൂടി വനത്തില്‍ വിടുകയും വിഷമില്ലാത്തവയെ ആവാസ വ്യവസ്ഥയ്ക്ക് ആവശ്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി വിട്ടയക്കുകയുമാണ് ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പിടികൂടുന്ന പാമ്പുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.മൂര്‍ഖനെയും അണലിയെയും വെള്ളിക്കെട്ടനെയും (ശംഖുവരയന്‍) സൂക്ഷിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മൂര്‍ഖന്റെ മുട്ട വിരിയുന്നതും ഈ മാസങ്ങളിലാണ്. വീടിന്റെ അടുക്കളഭാഗങ്ങളില്‍ ജലാംശം കൂടുതലായതിനാല്‍ പാമ്പുകള്‍ ഇവിടെ തണുപ്പ് തേടിയെത്തുന്നത് പതിവാണ്. ഇതു ശ്രദ്ധിക്കാതെ ഈ ഭാഗങ്ങളില്‍ നടക്കുന്നത് പാമ്പുകടിയേല്‍ക്കാന്‍ കാരണമാകും. വീട്ടിലും പരിസരങ്ങളിലും ചപ്പുചവറുകള്‍ കൂടിക്കിടക്കുന്നതും പാമ്പ് അടക്കമുള്ള വിഷജീവികള്‍ക്കു ചൂടില്‍ നിന്ന് രക്ഷനേടി ഒളിഞ്ഞിരിക്കാന്‍ സൗകര്യമൊരുക്കും. ഇവിടെ ശ്രദ്ധയില്ലാതെ നടക്കുമ്പോഴോ ചപ്പുചവറുകള്‍ നീക്കാന്‍ ശ്രമിക്കുമ്പോഴോ വിഷജീവികളുടെ കടിയേല്‍ക്കാം.സംസ്ഥാനത്ത് ആകെ 101 തരം പാമ്പുകളാണുള്ളത്. അതില്‍ മനുഷ്യജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകളുണ്ട്. അവയില്‍ അഞ്ചെണ്ണം കടല്‍പ്പാമ്പുകളാണ്. പാമ്പുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാന്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതിരിക്കുകയും വിറകും മറ്റുള്ളവയും വീടിന്റെ അരികിനോട് ചേര്‍ന്ന് വയ്ക്കാതിരിക്കുകയും ചെയ്യണമെന്ന് കണ്ണൂരിലെ പാമ്പ് റെസ്‌ക്യൂവര്‍ രഞ്ജിത്ത് നാരായണന്‍ പറഞ്ഞു.