തീച്ചൂട്

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 40 ഡിഗ്രി സെല്‍ഷ്യസ് കടന്ന് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.കണ്ണൂര്‍ പള്ളിപ്പൊയില്‍ കൃഷ്ണ നിവാസില്‍ എം വി സനല്‍ കുമാര്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണര്‍ നിര്‍മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം. മലപ്പുറം വണ്ടൂരില്‍ നാല് വയസ്സുകാരി ഇസ ജോണ്‍, കോഴിക്കോട് വളയം സ്വദേശിയായ അങ്കണ്‍വാടി അധ്യാപിക അനില, എറണാകുളം കൂത്താട്ടുകുളത്ത് ഒഡിഷ സ്വദേശി പാണ്ഡവ ബൈര (27) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെയാണ് ഇസക്ക് പൊള്ളലേറ്റത്.സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നില്‍കി. പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് തുടരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഞായറാഴ്ച വരെ താപനില ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ കേരളത്തില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ വിശദീകരിക്കുന്നുണ്ട്. താപനില ഉയര്‍ന്നത് കാര്‍ഷിക മേഖലയെയടക്കം വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പലയിടത്തും ഇതിനകം കുടിവെള്ള ക്ഷാമവും രൂക്ഷമായി.അതേസമയം, പാലക്കാട്ട് താപനില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കായ 41.9 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡിലേക്ക് അടുക്കുന്നു. നിലവില്‍ 41.1 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ ചിലയിടങ്ങളില്‍ പകല്‍ച്ചൂട്. വരുംദിവസങ്ങളിലും ചൂട് വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ 73 വര്‍ഷത്തിനിടെ 2016 മാര്‍ച്ച് 27നാണ് പാലക്കാട്ട് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്- 41.9 ഡിഗ്രി സെല്‍ഷ്യസ്. നേരത്തേ 1953ലാണ് ഇത്രയും കൊടുംചൂട് അനുഭവപ്പെട്ടത്. 2024 ഏപ്രില്‍ 28ന് ജില്ലയില്‍ 41.8 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നിരുന്നു. മിക്ക വര്‍ഷങ്ങളിലും പാലക്കാട്ടെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്താറുണ്ട്.