ചൂടിൽ വിയർക്കുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ പെയ്തെങ്കിലും ചൂടിന്റെ കാര്യത്തിൽ ആശിക്കാൻ വകയില്ലെന്ന് ആയിട്ടുണ്ട്. ചൂടിനെ മാത്രമല്ല അൾട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുരന്തനിവാരണ അതോറിറ്റി.കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാൻ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും അറിയിപ്പിൽ പറയുന്നു.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.ALSO READ; സ്ട്രെസ് കൂടുതലാണോ? വയറിനും പണി കിട്ടുംപുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്നും പറയുന്നു.യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമന്ന് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.The post വെയിലേൽക്കല്ലേ ! ഉയർന്ന അൾട്രാ വയലറ്റ് സൂചികയാണ് സംസ്ഥാനത്ത്; ചർമ്മ രോഗങ്ങൾ വരും appeared first on Kairali News | Kairali News Live.