വോട്ടിന് നോട്ട്: ബി ജെ പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ ജില്ലാ കലക്ടര്‍ ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Wait 5 sec.

പാലക്കാട് |  ‘വോട്ടിന് നോട്ട്’ പരാതിയില്‍ പാലക്കാട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ ജില്ലാ കലക്ടര്‍ ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും വ്യക്തമാകുക.വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പണവും സാരിയും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതു പാലക്കാട് ബി ജെ പിയെ പ്രതിരോധത്തിലാക്കി. നടപടിയെ പരസ്യമായി ന്യായീകരിക്കാന്‍ ശ്രമിച്ച ശോഭാ സുരേന്ദ്രന്റെ നടപടി ജന മധ്യത്തില്‍ പരിഹാസ്യമായി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്‌ക്കൊപ്പമെത്തിയ യുവതി പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളുണു പുറത്തുവന്നത്. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു.ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പലയിടത്തും ബി ജെ പി വ്യാപകമായി പണം വിതരണം ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തില്‍ പണമാണെങ്കില്‍ പിരായിരിയില്‍ വോട്ടര്‍മാര്‍ക്ക് ബി ജെ പി സാരിയാണു നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി.കോണ്‍ഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നല്‍കിയതെന്നായിരുന്നു ശോഭയുടെ വാദം. കാറിലിരുന്നവര്‍ തനിക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന് ശോഭ ആരോപിച്ചു. എന്നാല്‍ ശോഭ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കോണ്‍ഗസ് പുറത്തുവിട്ടു. പണം നല്‍കിയ സ്ത്രീ ശോഭയ്‌ക്കൊപ്പം വിവിധ ഇടങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ട്.