ട്രംപിന് കനത്ത തിരിച്ചടി; അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചു

Wait 5 sec.

വാഷിങ്ടണ്‍ | ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയില്‍ അഭിപ്രായ വ്യത്യാസം പുകയവെ അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചത് പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയായി. ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക കൈപൊള്ളി നില്‍ക്കെയാണ് നാവികസേനാ മേധാവി ജോണ്‍ ഫീലന്‍ രാജിവെച്ചത്.വൈറ്റ് ഹൗസില്‍ ട്രംപ് ഭരണകൂടത്തില്‍ ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് അപ്രതീക്ഷിതമായ രാജിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെയാണ് ജോണ്‍ ഫീലന്‍ സ്ഥാനമൊഴിയുന്നതായി പെന്റഗണ്‍ പ്രഖ്യാപിച്ചതെങ്കിലും രാജിക്ക് വ്യക്തമായ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ജോണ്‍ ഫീലന് പകരം അണ്ടര്‍ സെക്രട്ടറി ഹങ് കാവോ യു എസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു.ഇറാനെതിരെ യു എസ് സാമ്പത്തിക ഉപരോധം ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ മാറ്റം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു എസ്. ഈ ഘട്ടത്തില്‍ ട്രംപ് ഭരണകൂടത്തിന് കീഴില്‍ പ്രതിരോധ വകുപ്പില്‍ നടന്ന പ്രധാന മാറ്റമാണ് ഈ രാജിപ്രഖ്യാപനം. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് യു എസ് നേവി സെക്രട്ടറിയുടെയും പടിയിറക്കം.ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായെങ്കിലും ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാന്‍ അമേരിക്ക നടത്തിയ നീക്കങ്ങളാണ് സ്ഥിതി പിന്നെയും വഷളാക്കിയത്. ഇതേത്തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇപ്പോള്‍ കപ്പലുകള്‍ പിടിച്ചെടുത്താണ് ഈ പോര് മുറുകുന്നത്. ഇതിനിടെയാണ് അമേരിക്കന്‍ നാവികസേനയുടെ തലപ്പത്ത് രാജി.