ആം ആദ്മി പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കെജ്്രിവാളിനെ കുടുക്കാന്‍ അദ്ദേഹത്തെയും മന്ത്രിസഭയിലെ രണ്ടാമനായ സിസോദിയയെയും മറ്റും നിരവധി കേസുകളില്‍പ്പെടുത്തി ജയിലില്‍ അടച്ചപ്പോഴും ഇതിനു സമാനമായ ഒരവസ്ഥ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി തോല്‍ക്കുകയും ചെയ്തു. എങ്കിലും പഞ്ചാബില്‍ വലിയ ഭൂരിപക്ഷത്തില്‍ അവര്‍ ഭരണം തുടര്‍ന്ന് പോരുന്നു എന്ന ആശ്വാസമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവിടെ നിന്നുള്ള ഏഴ് രാജ്യസഭാ എം പി മാര്‍ ഒറ്റയടിക്ക് ‘ഓപറേഷന്‍ താമര’ എന്ന പ്രക്രിയയിലൂടെ എല്ലാ രാഷ്ട്രീയ സദാചാരങ്ങളും ലംഘിച്ചുകൊണ്ട് ബി ജെ പിയിലേക്ക് മാറിയിരിക്കുന്നു. അതില്‍ പലര്‍ക്കും ഒരു രാത്രി വെളുക്കുമ്പോള്‍ കെജ്്രിവാള്‍ അഴിമതിക്കാരനായും മോദി മാതൃകാ രാഷ്ട്രീയ നേതാവായും മാറി. ഇവരില്‍ പലര്‍ക്കുമെതിരെ ഇ ഡിയും മറ്റും കേസുകള്‍ എടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ അത്ഭുതമില്ല. ഇതാണ് ‘ഓപറേഷന്‍ താമര’. ബി ജെ പി ഓഫീസില്‍ വലിയ വാഷിംഗ് മെഷീന്‍ ഉണ്ടല്ലോ. അതിലൂടെ കടന്നു പോയാല്‍ എല്ലാ അഴിമതിക്കറകളും മാറി പാപമോചനം നേടും, ഗംഗയില്‍ കുളിക്കുന്നത് പോലെ !പ്രത്യയശാസ്ത്രം എന്തിന് ?ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്കരണ കാലത്തോ ഇപ്പോഴോ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്രഭാരവും അവരെ അലട്ടുന്നില്ല. അണ്ണാ ഹസാരെയുടെ അങ്ങേയറ്റം കുടിലമായ, അതേസമയം അരാഷ്ട്രീയമായ ഒരു സമരത്തിന്റെ മറവില്‍ ഒരുമിച്ചുകൂടിയ ആള്‍ക്കൂട്ടം മാത്രമായിരുന്നു ആദ്യകാല എ എ പി. ശരിക്കും ഒരു അരാഷ്ട്രീയക്കൂട്ടം. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ആനുകൂല്യങ്ങളും ജനപ്രിയതയും കൊണ്ട് ഡല്‍ഹിയില്‍ മൂന്ന് തവണ അധികാരം പിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. പിന്നീട് പഞ്ചാബിലും അവര്‍ക്ക് അധികാരം കിട്ടി.ആം ആദ്മിയുടെ പ്രത്യയശാസ്ത്രമില്ലായ്മയെ കുറിച്ച് പരാതിപ്പെടുന്ന മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ആറേഴ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ ഏത് രാഷ്ട്രീയ കക്ഷിയാണ് അവരുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് നിന്നിട്ടുള്ളത് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? ഗാന്ധി -നെഹ്‌റു തത്ത്വങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ കാര്യം തന്നെയെടുക്കാം. ഇന്നവര്‍ അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണോ? കാലത്തിനനുസരിച്ചുള്ള മാറ്റം എന്ന് പറയുമ്പോഴും അത് തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ വിഷമമില്ല. വര്‍ഗീയതയോടുള്ള സമീപനങ്ങളില്‍ പോലും അവര്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഉറച്ച പ്രത്യയശാസ്ത്രം ഉണ്ടെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. കേരളത്തില്‍ പോലും ഇടതുപക്ഷ കക്ഷികളുടെ ജനപ്രതിനിധികള്‍ കൂറ് മാറി ബി ജെ പിയില്‍ എത്തുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. സോഷ്യലിസ്റ്റുകള്‍ എന്നറിയപ്പെടുന്നവര്‍ ഇന്ന് പേരിന് പോലുമില്ല. അതുകൊണ്ടെല്ലാം തന്നെ തങ്ങള്‍ക്ക് ഗുണകരമാകുന്നതെന്തും ശരി എന്ന രീതിയില്‍ പാര്‍ട്ടികള്‍ കാണാന്‍ തുടങ്ങി. പിന്നെ ജനങ്ങള്‍ അങ്ങനെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? ചുരുക്കത്തില്‍ പ്രത്യയശാസ്ത്രമില്ലാത്ത ഒരു സമൂഹമാക്കി മാറ്റിയതില്‍ പാര്‍ട്ടികള്‍ക്കുള്ള പങ്ക് പ്രധാനമാണ്. അതുകൊണ്ട് ജനങ്ങള്‍ തങ്ങള്‍ക്കുള്ള സൗജന്യങ്ങള്‍ നല്‍കുന്നവരെ പിന്തുണച്ചു.ഓപറേഷന്‍ താമരഎ എ പിയെ തകര്‍ക്കാന്‍ ബി ജെ പി ഉപയോഗിച്ചത് നേരത്തേ പലയിടങ്ങളിലും പ്രയോഗിച്ച് വിജയിച്ച ഓപറേഷന്‍ താമര തന്നെയാണ്. ചാണക്യ തന്ത്രങ്ങളില്‍ ഒരാളെ കീഴ്പ്പെടുത്താന്‍ സാമ ദാന ഭേദ ദണ്ഡങ്ങള്‍ എന്നിങ്ങനെയുള്ള മുറകള്‍ പ്രയോഗിക്കാം. ആദ്യം ഉപദേശം, പിന്നെ പണം കൊടുക്കല്‍, മൂന്നാമത് ഭീഷണി, ഒടുവില്‍ ശാരീരികമായ ആക്രമണം. ‘ധര്‍മം വിജയിക്കും’ എന്നല്ല ജയിക്കുന്നത് ധര്‍മം എന്നതാണ് ഇവരുടെ സിദ്ധാന്തം. അരവിന്ദ് കെജ്്രിവാളിനും കൂടെ നില്‍ക്കുന്നവര്‍ക്കുമെതിരെ തുടരെത്തുടരെ കേസുകള്‍ കൊണ്ടുവന്നു. പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന സിസോദിയയെ രണ്ട് വര്‍ഷക്കാലം ജയിലിലിട്ടു. കെജ്്രിവാളും മാസങ്ങള്‍ ജയിലില്‍ ആയിരുന്നു. ആ തന്ത്രത്തിലൂടെ 2025ല്‍ ഡല്‍ഹി ബി ജെ പി പിടിച്ചു.പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മുന്നേറിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് പഞ്ചാബില്‍ ആം ആദ്മിക്കുണ്ടായത്. ഭഗ്്വന്ത് മാന്‍ അവിടെ മുഖ്യമന്ത്രിയായി. വാഗ്ദാനങ്ങള്‍ മിക്കവയും നിറവേറ്റി. ബി ജെ പിക്ക് അവിടെ കാര്യമായ ശക്തിയില്ല. തീവ്ര ഹിന്ദുത്വം അവിടെ വിലപ്പോകില്ലെന്നും ബി ജെ പിക്കറിയാം. ഒരു പ്രധാന രാഷ്ട്രീയ ശക്തിയായ അകാലി ദളുമായി അവര്‍ ഉണ്ടാക്കിയ സഖ്യവും ഫലപ്രദമായില്ല. ഈ ഘട്ടത്തിലാണ് ഒരു നുഴഞ്ഞുകയറ്റത്തിന്റെ മാര്‍ഗം അവര്‍ തേടിയത്. തങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവരെ പാട്ടിലാക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു.ഇപ്പോള്‍ കൂറുമാറ്റത്തിന് നേതൃത്വം നല്‍കിയ രാഘവ് ഛദ്ദ മുന്പ് പറഞ്ഞത്, ‘നിരക്ഷര ഗുണ്ടകളുടെ ഒരു പാര്‍ട്ടിയാണ് ബി ജെ പി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കുന്നത് അവരാണ്’ എന്നാണ്. ഏത് അഴിമതിക്കാരനെയും ഡിറ്റര്‍ജെന്റ് ഉപയോഗിക്കാതെ തന്നെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനാണ് ബി ജെ പി എന്ന് ആരോപിച്ചതും ഇതേ വ്യക്തിയാണ്. ഇന്നലെ അതേ വാഷിംഗ് മെഷീനിലേക്കാണ് രാഘവ് ഛദ്ദയും സഹ എം പിമാരും ചെന്നുകയറിയത്.ആം ആദ്മി പാര്‍ട്ടി അവരുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതികളില്‍ പ്രതിഷേധിച്ചാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും മറ്റും പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ ഈ ദുരന്തം കാണുമ്പോള്‍ അവര്‍ പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് ബോധ്യമാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചോ ജനങ്ങളിലേക്കിറങ്ങിയോ ഒരു മുന്‍പരിചയവും ഇല്ലാത്ത ആളുകളെ പിടിച്ച് എം പിയും എം എല്‍ എയുമൊക്കെ ആക്കിയതാണ് എ എ പിയുടെ വലിയ ദുരന്തം. പദവികള്‍ അവര്‍ക്ക് വെറും അലങ്കാരങ്ങളാണ്. ബി ജെ പിയാകാനോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോയി ചേരാനോ അക്കൂട്ടര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. അതേസമയം മറ്റൊരു പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കാനുള്ള ശേഷിയോ സംഘാടന മികവോ ഇവര്‍ക്കുണ്ടാകില്ല.ആം ആദ്മി പാര്‍ട്ടി വഴിതെറ്റിപ്പോയി, അതിനാലാണ് എം പിമാര്‍ പാര്‍ട്ടി വിട്ടത് എന്നാണ് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞത്. ബി ജെ പിയുടെ സാമന്തപ്പാര്‍ട്ടിയാകാന്‍ പിറന്ന ആം ആദ്മികള്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയം പറയുന്നു എന്നാകണം ഹസാരെ ഉദ്ദേശിച്ചത്. സഞ്ജയ് സിംഗിന്റെ പാര്‍ലിമെന്റ്പ്രസംഗമൊക്കെ അമ്മട്ടിലാണല്ലോ. കള്ള ബഡ്ക്കൂസ് എന്ന പ്രയോഗം കൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയത് ഹസാരെയുടെ രംഗപ്രവേശത്തിനു ശേഷമാണ്.ഒരു ഘട്ടത്തില്‍ ബി ജെ പിക്കെതിരെ കടുപ്പത്തില്‍ വിമര്‍ശനമുന്നയിച്ച രാഘവ് ഛദ്ദ പിന്നീട് ജനപ്രിയതയിലേക്ക് ചുവടുമാറുന്നതാണ് കണ്ടത്. അത്തരം വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ തുടരെത്തുടരെ ഉന്നയിച്ചു. ബി ജെ പി ക്യാമ്പിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ കണിശമായി ശ്രദ്ധിച്ചു. അണ്ണാ ഹസാരെ ആഗ്രഹിച്ചതുപോലൊരു ആം ആദ്മിയായി ഛദ്ദ അതിവേഗം മാറുന്നത് നമ്മള്‍ കണ്ടു. ആം ആദ്മി അംഗത്വം വിടാതെ തന്നെ ബി ജെ പിക്കാരനായി വേഷമിട്ടപ്പോഴാണ് രാജ്യസഭയിലെ ചുമതലകളില്‍ നിന്ന് അയാളെ പാര്‍ട്ടി നീക്കം ചെയ്തത്. അതിനുള്ള പ്രതികാരമായി ആറ് എം പിമാരെയും കൂട്ടിയാണ് അയാള്‍ ബി ജെ പിയിലേക്ക് കൂടുമാറിയത്.ഭാവി?ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പഞ്ചാബിലെ നിയമസഭാ കക്ഷിയെക്കൂടി പിളര്‍ത്തിയാല്‍ ആപ്പിന്റെ പതനം പൂര്‍ണമാകും. ബദല്‍ രാഷ്ട്രീയ പ്രസ്ഥാനം എന്ന വേഷമെടുത്തണിയാന്‍ എ എ പി ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിനുള്ള മരുന്ന് കൈവശമില്ല. ബി ജെ പിക്കെതിരായ ഒരു രാഷ്ട്രീയ മൂവ്മെന്റ്ആയി വളരാന്‍ കെജ്്രിവാളിന്റെ പാര്‍ട്ടിക്ക് സാധിക്കില്ല എന്നത് ഇതിനകം വ്യക്തമായതാണ്. കാലിലെ ഹവായ് ചെരുപ്പും കൈയിലെ വില കുറഞ്ഞ വാച്ചും കണ്ട് ജനം വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ഏത് രാഷ്ട്രീയത്തെ മുന്നോട്ടുവെക്കുന്നു എന്നതാണ് ജനത്തിന്റെ നോട്ടം.ഡല്‍ഹിയിലെ മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും അരാഷ്ട്രീയ താത്പര്യങ്ങളെ ഒരുപോലെ പ്രീതിപ്പെടുത്തുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും കൊണ്ട് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. ഡല്‍ഹിയില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അഴിഞ്ഞാടിയ 2020ലെ കലാപനാളുകളില്‍ ആം ആദ്മി പാര്‍ട്ടി കൈക്കൊണ്ട വഞ്ചനാപരമായ നിലപാട് അഥവാ നിലപാടില്ലായ്മ നമ്മള്‍ കണ്ടതാണ്. ഒരേ നിലപാടും ആശയവും പങ്കിടുന്ന രണ്ട് ടീമുകളില്‍ ഒന്നിനെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ജനം എ ടീമിനെ തന്നെ തിരഞ്ഞെടുക്കും. 2025ല്‍ ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ ബി ജെ പിയെ തിരഞ്ഞെടുത്തതിന്റെ കാരണം മറ്റൊന്നല്ല. ആം ആദ്മി പാര്‍ട്ടി സ്വന്തം തകര്‍ച്ചയുടെ കാരണം തിരയേണ്ടത് ഉള്ളില്‍ തന്നെയാണ്.ഇനിയെന്ത് സംഭവിക്കും?ധാര്‍മികമായി ഈ കൂറുമാറ്റത്തെ വിമര്‍ശിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു കൂസലുമില്ല. എന്നാല്‍ നിയമപരമായി ഇതിനെ എങ്ങനെ കാണാന്‍ കഴിയും? നിയമസഭയിലെ അംഗങ്ങള്‍ തിരഞ്ഞെടുത്തവരാണല്ലോ രാജ്യസഭയിലെത്തുന്നത്. അതുകൊണ്ട് തന്നെ അവരുടെ പ്രതിനിധി എന്ന നിലയില്‍ മുഖ്യമന്ത്രി മാന്‍ രാഷ്ട്രപതിയെ കാണുന്നുണ്ട്. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകില്ല. കോടതിയാണ് മറ്റൊരു മാര്‍ഗം. കൂറുമാറ്റനിയമത്തിലെ വ്യവസ്ഥകളെ സുപ്രീം കോടതി പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു കക്ഷിയുടെ സഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം വിട്ടുപോയാല്‍ അതിനെ ഒരു പിളര്‍പ്പായി കാണാം എന്ന വ്യവസ്ഥ വെച്ചുകൊണ്ട് ഇതിനെ ന്യായീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പക്ഷേ അതില്‍ ഒരു കുഴപ്പമുണ്ട്. ഇവിടെ പാര്‍ട്ടിയില്‍ പിളര്‍പ്പല്ല, ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറുകയാണ്. പുതിയ പാര്‍ട്ടി ഉണ്ടാകുന്നില്ല. അപ്പോള്‍ ഈ നിയമം ബാധകമാകില്ലെന്നാണ് എതിര്‍പക്ഷം വാദിക്കുന്നത്.ഒരു പാര്‍ട്ടിയിലെ സഭാംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിക്കുന്നത് അയോഗ്യതയാകും എന്നാണ് മഹാരാഷ്ട്രയിലെ ശിവസേനാ പിളര്‍പ്പിന്റെ സാഹചര്യത്തില്‍ കോടതി പറഞ്ഞത്. പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെ തുടരുന്നു. ഇവരുടെ സഭയിലെ അംഗത്വം റദ്ദാക്കപ്പെട്ടാല്‍ അത് ആം ആദ്മിക്ക് വലിയ വിജയമാണ്. ഈ നേതാക്കളൊന്നും ഒരു ജനപ്രീതിയും ഉള്ളവരല്ല. ഇവര്‍ പോയതുകൊണ്ട് ജനപിന്തുണയില്‍ കാര്യമായ കുറവ് ഉണ്ടാകില്ല എന്നവര്‍ വിശ്വസിക്കുന്നു. ഇവരുടെ അംഗത്വം നഷ്ടമായാല്‍ ഇന്നത്തെ കക്ഷിനില വെച്ചുകൊണ്ട് പുതിയവരെ വിജയിപ്പിക്കാന്‍ കഴിയും.ബി ജെ പിക്ക് ഇപ്പോഴും പഞ്ചാബില്‍ കാര്യമായ അടിത്തറയില്ല എന്നതിനാല്‍ എം എല്‍ എമാര്‍ കൂറ് മാറിയാല്‍ അവരെ വിജയിപ്പിക്കാന്‍ ബി ജെ പിക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ആം ആദ്മി വിടുന്ന എം എല്‍ എമാര്‍ കോണ്‍ഗ്രസ്സിനെയാകും സമീപിക്കുക. ഫലത്തില്‍ ഈ കൂറുമാറ്റം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനാകുമോ ഗുണകരമാകുക എന്ന് കാത്തിരുന്നു കാണണം.