കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്ക് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കുന്ന 105 വീടുകളിലെ 51 വീടുകളില്‍ താമസം തുടങ്ങി. വീടുകളിലേക്കുള്ള ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ഒരുമാസത്തെ ഭക്ഷണങ്ങളുമടക്കം ഉറപ്പാക്കിയാണ് ലീഗ് വീടുകള്‍ നല്‍കിയത്. മുസ്‌ലിം ലീഗ് നേതാക്കളും ദുരന്തബാധിതരുടെ അടുത്ത ബന്ധുക്കളും വീടൊരുക്കിയ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു. പ്രാര്‍ഥനക്ക് ശേഷം മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്നേഹാശംസകള്‍ നേര്‍ന്നു. ഇത് ഹൃദയം കൊണ്ട് പണിത വീടുകളാണെന്നും എല്ലാവരുടെയും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് വീടുകള്‍ ഇത്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കാരണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, പി കെ ബഷീര്‍ എം എല്‍ എ, പി കെ ഫിറോസ്, ജയന്തി രാജന്‍, പി എം എ സമീര്‍, അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, അഡ്വ. ടി ജെ ഐസക് പ്രസംഗിച്ചു. ടി മുഹമ്മദ് സ്വാഗതവും എന്‍ കെ റഷീദ് നന്ദിയും പറഞ്ഞു.ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 25 വീടുകളുടെ ഉദ്ഘാടനം ജൂണ്‍ 15നും അവസാനഘട്ടം സെപ്തംബര്‍ 30നും നടക്കും. ഗൃഹപ്രവേശന പരിപാടികള്‍ പൂര്‍ണമായും വീട് ലഭിച്ചവര്‍ സ്വന്തം ചെലവിലാണ് സംഘടിപ്പിച്ചത്.