പരസ്യ പ്രചാരണം അവസാനിച്ചു; ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

Wait 5 sec.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 142 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്, ഹൗറ, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, പൂര്‍വ ബര്‍ദമാന്‍ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബി ജെ പി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂര്‍ മണ്ഡലമാണ് ഏറ്റവും ശ്രദ്ധേയം.പ്രചാരണത്തിന്റെ അവസാന ദിനവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിലെയും പ്രധാന പ്രതിപക്ഷമായ ബി ജെ പിയിലെയും നേതാക്കള്‍ പരസ്പരം വാക്പോര് നടത്തി. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മേയ് നാലിന് ശേഷം ബി ജെ പി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സംസ്ഥാനത്ത് തിരിച്ചെത്തുമെന്ന് നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന റാലിയില്‍ പറഞ്ഞു. നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആരും തന്നെ നാലിന് ശേഷം സംസ്ഥാനത്തുണ്ടാകില്ലെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറി തന്‍മയി ഘോഷ് പറഞ്ഞു. പലയിടത്തും തൃണമൂല്‍- ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.പശ്ചിമ ബംഗാളില്‍ ഈ മാസം 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. എസ് ഐ ആറിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 92.35 ശതമാനമായിരുന്നു പോളിംഗ്. രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും അടുത്ത മാസം നാലിനാണ് വോട്ടെണ്ണല്‍.