നെടുങ്കണ്ടം ഇരട്ടക്കൊല: കൊലപാതകം മര്‍ദിച്ചും ശ്വാസംമുട്ടിച്ചും; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Wait 5 sec.

ഇടുക്കി | നെടുങ്കണ്ടം പച്ചടിക്കു സമീപത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലകള്‍ നടത്തിയത് മര്‍ദിച്ചും ശ്വാസംമുട്ടിച്ചുമാണെന്ന് വ്യക്തമായി. അതിക്രൂരമായാണ് പ്രതി സജി മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.ഈമാസം നാലിനായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. സഹോദരന്‍ റെജിയെ മര്‍ദിച്ച ശേഷം തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ് മേരിക്കുട്ടിയെ മുഖത്ത് ഇടിച്ചു വീഴ്ത്തി. തല ഭിത്തിയില്‍ ഇടിപ്പിച്ചു. മൃതദേഹങ്ങള്‍ രണ്ട് ദിവസം വിറകുപുരക്ക് സമീപം സൂക്ഷിച്ചു. പിന്നീട് കുഴിച്ചുമൂടുകയായിരുന്നു. മദ്യലഹരിയിലാണ് തര്‍ക്കമുണ്ടായത്. സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.കൃത്യത്തിനു ശേഷം ഒളിവിലായിരുന്ന സജിയെ നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ പറമ്പില്‍ നിന്നും പിടികൂടിയിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി. വിവരം മേരിക്കുട്ടിയുടെ മകളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.