നടന കേരളം; മലയാള സിനിമയിലെ നൃത്തത്തിന്റെ യാത്ര

Wait 5 sec.

നൃത്തം മനുഷ്യന്റെ ഏറ്റവും പുരാതനമായ കലാഭാഷകളിലൊന്നാണ്. വാക്കുകൾക്ക് അതീതമായി വികാരങ്ങളും ആശയങ്ങളും സംസ്കാരവും ആത്മീയതയും പ്രകടിപ്പിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ് നൃത്തം. ശരീരത്തിന്റെ ചലനങ്ങളിലൂടെ മനസ്സിന്റെ അനുഭവങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കലാരൂപമായതിനാൽ നൃത്തത്തിന് മനുഷ്യജീവിതത്തിൽ എന്നും പ്രത്യേക സ്ഥാനമുണ്ട്. ഈ മഹത്തായ കലാരൂപത്തിന്റെ പ്രാധാന്യം ലോകമൊട്ടാകെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക നൃത്തദിനം. ഭാരതീയ സംസ്കാരത്തിൽ നൃത്തം വിനോദം മാത്രമല്ല, ഭക്തിയും ആത്മാനുഭവവും ജീവിതദർശനവും കൂടിയാണ്.ഇന്ത്യൻ സിനിമയിലും നൃത്തത്തിന് അതീവ പ്രാധാന്യമുണ്ട്. ഇന്ത്യൻ സിനിമയുടെ ആദ്യകാലം മുതൽ തന്നെ ഗാനരംഗങ്ങളും നൃത്തസന്നിവേശങ്ങളും കഥയുടെ സൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നൃത്തം സിനിമയ്ക്ക് ദൃശ്യഭംഗി നൽകുന്നതിനൊപ്പം നമ്മുടെ സാംസ്കാരിക ഓർമ്മകളെയും സംരക്ഷിക്കുന്നു. പുതിയ തലമുറയ്ക്ക് പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിൽ സിനിമ വലിയ പങ്ക് വഹിക്കുന്നു. ഒരു നല്ല നൃത്തസന്നിവേശം വിനോദം മാത്രമല്ല, അത് കലാപഠനത്തിനും സംസ്കാരബോധത്തിനും പ്രചോദനമാകുന്നു. പലപ്പോഴും മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം ആദ്യ കാലം മുതൽ മലയാള സിനിമ ചരിത്രത്തിൽ നൃത്തത്തിന് പ്രാധാന്യം ഉണ്ടായിരുന്നു .എന്നാൽ പലപ്പോഴും നൃത്ത സംവിധായകരുടെ പേര് ആദ്യ കാലങ്ങളിൽ ഇറങ്ങിയ പല മലയാള സിനിമകളിലും കാണാൻ സാധിച്ചില്ല .മലയാള സിനിമയുടെ നൃത്തചരിത്രംമലയാള സിനിമയിലേക്ക് തിരിഞ്ഞു നോക്കിയാൽ ആദ്യകാല മലയാള സിനിമകളിൽ നൃത്തം വെറും വിനോദഘടകമല്ലായിരുന്നു. അത് കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഒരു ശക്തമായ ഭാഷയായിരുന്നു. ഒരു സ്ത്രീയുടെ സ്നേഹവും വേദനയും, ഭക്തിയും, ആത്മസംഘർഷവും എല്ലാം നൃത്തഭാവങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ടു. പ്രത്യേകിച്ച് കറുപ്പും വെളുപ്പും നിറത്തിലുള്ള സിനിമകളിൽ നൃത്തത്തിന്റെ ഭാവവും ലയവും പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകമായിരുന്നു.കേരളത്തിന്റെ പാരമ്പര്യ നൃത്തരൂപങ്ങൾ പഴയ സിനിമകളിൽ വലിയ സ്ഥാനം പിടിച്ചിരുന്നു. മോഹിനിയാട്ടം, കഥകളി, ഭാരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ കഥയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായി അവതരിപ്പിക്കപ്പെട്ടു. ഈ നൃത്തരൂപങ്ങൾ സിനിമയുടെ ദൃശ്യസൗന്ദര്യം ഉയർത്തിയതുപോലെ, പ്രേക്ഷകരെ നമ്മുടെ സംസ്കാരത്തോടും പാരമ്പര്യത്തോടും കൂടുതൽ അടുത്താക്കി.മലയാള ചലച്ചിത്രമായ പ്രഹ്ലാദയിലെ രംഗംഅത് കൊണ്ട് തന്നെ ആദ്യകാല മലയാള സിനിമകളിൽ ക്ലാസ്സിക്കൽ ഡാൻസിനോടുള്ള ആഭിമുഖ്യം വളരെ അധികമായിരുന്നു . അന്നുള്ള പ്രധാന നൃത്ത സംവിധായകർ എല്ലാം തന്നെ ക്ലാസ്സിക്കൽ നൃത്ത മേഖലയിൽ നിന്നും കലാമണ്ഡലത്തിൽ നിന്നും വന്നവരായിരുന്നു .മോഹിനിയാട്ടം , ഗുരു ഗോപിനാഥിന്റെ കേരള നടനം ശൈലിയിൽ ഉള്ള നൃത്തരംഗങ്ങൾ മലയാള സിനിമയിലും അല്ലെങ്കിൽ തെന്നിന്ത്യൻ സിനിമയിൽ തന്നെ കാണാൻ സാധിച്ചിരുന്നു . പഴയകാല നടിമാരും കലാകാരികളും നൃത്തത്തിൽ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ ശരീരഭാഷ, മുഖഭാവങ്ങൾ, കൈമുദ്രകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് കാണുന്ന പോലെ വേഗതയേറിയ കൊറിയോഗ്രഫി ഇല്ലെങ്കിലും, ഓരോ ചലനത്തിനും അർത്ഥവുമുണ്ടായിരുന്നു, ഓരോ ഭാവത്തിനും ആഴവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ കാലത്തെ നൃത്തസന്നിവേശങ്ങൾ ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ നിലനിൽക്കുന്നു.സിനിമയിലെ ഗാനരംഗങ്ങൾ നൃത്തത്തോടൊപ്പം ചേർന്ന് കൂടുതൽ മനോഹരമായി മാറി. സംഗീതത്തിന്റെ ലയത്തിൽ നൃത്തം ചേർന്നപ്പോൾ കഥയുടെ വികാരതീവ്രത കൂടുതൽ ഉയർന്നു. പ്രത്യേകിച്ച് ഭക്തിഗാനങ്ങളിലും പ്രണയഗാനങ്ങളിലും നൃത്തത്തിന്റെ പങ്ക് അതീവ പ്രധാനമായിരുന്നു.പഴയ മലയാള സിനിമയിലെ നൃത്തം നമ്മെ പഠിപ്പിക്കുന്നത്, കലയുടെ യഥാർത്ഥ സൌന്ദര്യം ലാളിത്യത്തിലും ഭാവഗംഭീരതയിലുമാണെന്നതാണ്. ഇന്നത്തെ സാങ്കേതിക ലോകത്തും, ആ പഴയ നൃത്തസന്നിവേശങ്ങളുടെ ലാളിത്യവും ആത്മാവും നമ്മെ ഇന്നും ആകർഷിക്കുന്നു. നാളുകൾക്ക് ശേഷം തെന്നിധ്യൻ നൃത്ത സംവിധായകർ മലയാളത്തിൽ ചുവടുറപ്പിച്ചതോടെ ഒരു തമിഴ് ശൈലി നൃത്ത കലകളിൽ കാണാൻ സാധിച്ചു .തമിഴ് സിനിമയിലെ ഡപ്പാംകൂത്ത് ഡാൻസിനോട് പൊരുത്തപ്പെടുന്ന ഗാനരംഗങ്ങൾ മലയാള സിനിമയിൽ കടന്നു വന്നു .നടനം ഇന്ത്യൻ സിനിമയിൽസംഗീതത്തോട് ചേർന്നുള്ള നൃത്ത രംഗങ്ങൾ ആയിരുന്നു ഇന്ത്യൻ സിനിമയുടെ പ്രത്യേകത .”സംഗീതവും നൃത്തവും കൂടുമ്പോൾ കഥയ്ക്ക് ആത്മാവ് ലഭിക്കുന്നു” — ഈ വാക്യം ഇന്ത്യൻ സിനിമയെ ഏറ്റവും നന്നായി നിർവചിക്കുന്നതാണ്. ലോക സിനിമയിൽ നിന്നും ഇന്ത്യൻ സിനിമയെ വേറിട്ടുനിർത്തുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണ് സംഗീതത്തോടൊപ്പം ചേർന്ന നൃത്തരംഗങ്ങൾ.ഇന്ത്യൻ സിനിമയുടെ തുടക്കകാലം മുതൽ തന്നെ ഗാനങ്ങളും നൃത്തവും കഥയുടെ അവിഭാജ്യ ഘടകങ്ങളായി മാറി. കഥയുടെ ഗതി തടസ്സപ്പെടുത്താതെ, മറിച്ച് അതിനെ കൂടുതൽ സജീവമാക്കുന്ന രീതിയിലാണ് ഗാനനൃത്തങ്ങൾ ഉപയോഗിക്കപ്പെട്ടത്. പ്രണയം, സന്തോഷം, വേദന, വേർപാട്, ഉത്സവങ്ങൾ, ആത്മീയത — ജീവിതത്തിലെ എല്ലാ വികാരങ്ങളും സംഗീതത്തിലും നൃത്തത്തിലും ലയിച്ച് പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തുന്നു.നൃത്തം സിനിമയിൽ വെറും ദൃശ്യവിസ്മയം മാത്രമല്ല; അത് ഒരു ഭാഷയാണ്. പലപ്പോഴും കഥാപാത്രങ്ങൾ പറയാൻ കഴിയാത്ത വികാരങ്ങൾ നൃത്തത്തിലൂടെ പ്രകടമാകുന്നു. ഒരു പ്രണയഗാനത്തിൽ നൃത്തം ആകാംഷയും സ്നേഹവും പ്രകടിപ്പിക്കുമ്പോൾ, ഒരു ദുഃഖഗാനത്തിൽ അത് വേദനയുടെ ആഴം സ്പർശിക്കുന്നു. ഇതിലൂടെ സിനിമയുടെ വികാരതീവ്രത ഇരട്ടിയാകുന്നു.ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും സമൃദ്ധിയും സിനിമയിലെ നൃത്തരംഗങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഭരതനാട്യം, കഥക്, മോഹിനിയാട്ടം, കുചിപ്പുടി, ഒഡിസ്സി തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മാത്രമല്ല, വിവിധ പ്രദേശങ്ങളുടെ ജനകീയ നൃത്തങ്ങളും സിനിമയിൽ ഇടം നേടിയിട്ടുണ്ട്. ഇതുവഴി സിനിമ ഒരു കലാപഠനമാധ്യമമായി മാറുകയും, പാരമ്പര്യകലകൾ പുതിയ തലമുറയിലേക്ക് കൈമാറപ്പെടുകയും ചെയ്യുന്നു.സംഗീതസംവിധായകരും നൃത്തസംവിധായകരും ചേർന്നാണ് ഈ രംഗങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. സംഗീതത്തിന്റെ ലയവും താളവും അനുസരിച്ച് നൃത്തചലനങ്ങൾ രൂപപ്പെടുമ്പോൾ, ഒരു പൂർണ്ണ കലാസൃഷ്ടി പിറക്കുന്നു. ക്യാമറയുടെയും എഡിറ്റിംഗിന്റെയും സഹായത്തോടെ ഈ നൃത്തരംഗങ്ങൾ കൂടുതൽ ഭംഗിയാർജിക്കുന്നു. ഇന്ത്യൻ സിനിമയിലെ ഗാനനൃത്തങ്ങൾ പലപ്പോഴും സിനിമയെ അതിന്റെ ഭാഷാ അതിരുകൾ കടന്ന് ലോകമെമ്പാടും എത്തിക്കുന്നു. ഒരു നല്ല ഗാനനൃത്തരംഗം, ഭാഷ അറിയാത്ത പ്രേക്ഷകനെയും ആകർഷിക്കാൻ കഴിവുള്ളതാണ്. അതാണ് ഈ കലാരൂപത്തിന്റെ മഹത്വം.ഒടുവിൽ പറയേണ്ടത്, സംഗീതത്തോട് ചേർന്ന നൃത്തരംഗങ്ങൾ ഇന്ത്യൻ സിനിമയുടെ അലങ്കാരമാത്രമല്ല; അത് അതിന്റെ ആത്മാവാണ്. ഈ പ്രത്യേകതയാണ് ഇന്ത്യൻ സിനിമയെ ലോക സിനിമയിൽ നിന്ന് വ്യത്യസ്തവും മനോഹരവുമായ ഒരു അനുഭവമാക്കുന്നത്.മുൻപേ പറഞ്ഞപോലെ ആദ്യകാല മലയാള സിനിമകളിൽ ക്ലാസ്സിക്കൽ ഡാൻസിനോടുള്ള ആഭിമുഖ്യം വളരെ അധികമായിരുന്നു.നാട്യത്തിന്റെ ലോക ധർമ്മിയായ ആവിഷ്ക്കാരമാണ് എല്ലാ സിനിമ നൃത്തങ്ങളും സിനിമയ്ക്ക് അനുസരിച്ചു അവ രൂപമാറ്റം കൊള്ളുന്നു .നാട്യത്തെ ലോക ധർമ്മിയെന്നും നാട്യ ധർമ്മിയെന്നും രണ്ടായി തിരിച്ചിരിക്കുന്നു . നടനകലാനിധി നാട്യാചാര്യൻ ഡോ ഗുരു ഗോപിനാഥ് ലോക ധർമ്മിക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു അത് അദ്ദേഹത്തിന്റെ കേരളനടനത്തിൽ കാണാവുന്നതാണ് . അത് തന്നെയാവാം മലയാള സിനിമയിലെ ആദ്യകാല നൃത്തങ്ങൾ എല്ലാം കേരള നടനത്തിനോട്‌ ചേർന്ന് നിന്നത് .മലയാള സിനിമയിലെ ആദ്യകാല നൃത്ത സംവിധായകരെ പരിശോധിച്ചാൽ എല്ലാവരും തന്നെ ഗുരു ഗോപിനാഥിന്റെ ശിഷ്യരാണ് .അത്കൊണ്ട് തന്നെ ആവണം ആദ്യകാല മലയാള സിനിമയിലെ നൃത്തത്തിന് കേരള നടനത്തിന്റെ ചിട്ടവട്ടങ്ങൾ കാണിച്ചിരുന്നത് അറുപതുകളോടെ കേരള നടനത്തിന്റെ സ്വാധീനം മലയാള സിനിമയിൽ അവസാനിച്ചു എന്ന് വേണം പറയാൻമലയാള സിനിമ ഇന്ന് കാണുന്ന പോലുള്ള നൃത്ത രീതികളിൽ എത്തുന്നതിനു മുൻപും നൃത്ത പ്രാധാന്യം നിറഞ്ഞതായിരുന്നു .ആദ്യകാല മലയാള സിനിമകൾ സംഗീത നാടകങ്ങളോട് ചേർന്നലിഞ്ഞതായിരുന്നു .അന്നത്തെ സിനിമകളിൽ പത്തും ഇരുപതും പാട്ടുകൾ ഉണ്ട്.നൃത്തരംഗങ്ങളിൽ കഥകളി മോഹിനിയാട്ടം എന്നിവയുടെ മുദ്രകളും ഭാവാഭിനയവും കാണാൻ സാധിച്ചിരുന്നു . പക്ഷെ അതിലേക്കാൾ ഉപരി പല സിനിമകളിയും നൃത്തങ്ങളിൽ ഗുരു ഗോപിനാഥ് വിഭാവന ചെയ്ത കേരള നടനം അതിന്റെ ചിട്ടകളോടെ പല സിനിമകളിലും കാണുവാൻ സാധിച്ചു . പ്രഹ്ളാദ ,ജീവിതനൗക ,ഭക്ത കുചേല ,അമ്മയെ കാണാൻ ,മണവാട്ടി ,ശ്രീ ഗുരുവായൂരപ്പൻ , സ്നേഹദീപം ,ദേവികന്യാകുമാരി ,സ്വാമി അയ്യപ്പൻ ചിലമ്പൊലി, കുമാര സംഭവം , മായ ബസാർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും നൃത്ത സംവിധാനം ചെയ്ട്ടുതിട്ടുണ്ട് .ഗുരുഗോപീനാഥെന്ന നൃത്താചാര്യൻഉമ്മിണിത്തങ്ക എന്ന മലയാള ചലച്ചിത്രത്തിന്റെ ടൈറ്റിലിൽ നൃത്ത സംവിധായകന്റെ പേര് പറയുന്നില്ല പക്ഷെ 1962-ൽ ഇറങ്ങിയ ഈ ചിത്രത്തിൽ ഗീതോപദേശത്തിന്റെ ഒരു രംഗം ഉണ്ട് . ഗുരു ഗോപിനാഥ് തന്നെ ചിട്ടപ്പെടുത്തിയ പദത്തിൽ അദ്ദേഹവും ശിഷ്യന്മാരും സ്റ്റേജിൽ അവതരിപ്പിച്ച കേരള നടനം നൃത്യാവിഷ്ക്കാരമാണിത് .ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും കഥകളിയിൽ ഉപയോഗിക്കുന്ന അതെ താളവും , ഭരതനാട്യത്തിലെ ചില ചുവടുകളും ചേർന്നതാണ് കേരളം നടനം എന്ന് പറയുന്നതിൽ തെറ്റില്ല .കഥകളിയിൽ ചലനങ്ങളുടെ പ്രാധാന്യം കുറവാണെങ്കിൽ കേരളനടനത്തിൽ അതുണ്ടെന്നു പറയാം .ഗുരു ഗോപിനാഥ് ആവിഷ്‌ക്കരിച്ച ഓരോ നൃത്ത ശൈലിയിലും ചലനങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നു എന്ന് വേണം പറയാൻ .ചിലമ്പൊലി എന്ന സിനിമയിലെ ” പ്രിയമാനസ നീ വാ ..വാ.. ” എന്ന രംഗം കുമാര സംഭവത്തിലെ ശിവ താണ്ഡവം എന്നിവയിലെല്ലാം കേരള നടനത്തിന്റെ സ്വാധീനം കാണാം .എന്നാൽ ഗുരു ഗോപിനാഥ് എന്നും ആഗ്രഹിച്ചിരുന്നത് അധ്യാപകവൃത്തിയായതിനാൽ തന്നെ അദ്ദേഹം സിനിമ ലോകത്തു നിന്നും കുറഞ്ഞ കാലം കൊണ്ട് പിൻവാങ്ങി .പക്ഷെ പിന്നീട് സിനിമ ലോകത്തെ നൃത്ത മേഖല അടക്കിവാണ തങ്കപ്പൻ മാസ്റ്ററും ഗോപാലകൃഷ്ണനും ഗുരു ഗോപിനാഥിന്റെ ശിഷ്യരായിരുന്നു . അത് പോലെ പുലിയൂർ സരോജ നൃത്തസംവിധാനം ചെയ്ത ധ്വനി എന്ന ചിത്രത്തിലെ ശോഭന ചെയ്യുന്ന ഓരോ നൃത്ത ചുവടുകളിലും കേരള നടനത്തിന്റെ സ്വഭാവം കാണാം .ഗുരു ഗോപിനാഥിന്റെ അതി പ്രസിദ്ധമായ നവരസാഭിനയംക്ലാസിക്കൽ നൃത്തരൂപങ്ങളിൽ നാടക സമാനമായ നൃത്ത സാധ്യതകൾ കുറവായിരുന്നു .ഗുരു ഗോപിനാഥ് രൂപകല്പന ചെയ്ത കേരള നടനം നൃത്ത നാടകത്തിനു ഏറെ സമാനതകൾ കാണാം , നാടകത്തിന്റെ സംഗീത നൃത്യാവിഷ്ക്കാരത്തിൽ നിന്നാണ് ബാലെ രൂപപ്പെട്ടത് .ഗുരു ഗോപിനാഥിന്റെ ബാലകൾ എല്ലാം തന്നെ അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു .പ്രധാനമായും പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഓരോ ബാലെയും രചിച്ചിരുന്നത് .ഇത് കേരളനടനം എന്ന നൃത്യവിഷ്ക്കാരത്തെ അടിസ്ഥാന ചുവടുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ് .ഉദാഹരണത്തിന് ഏകാങ്കത്തിൽ വരുന്നതാണ് ശിവതാണ്ഡവ നൃത്തം ,യുഗ്മത്തിൽ ഉൾപ്പെടുന്നതാണ് ശിവ പാർവതി നൃത്തം , സംഘനൃത്തത്തിൽ പൂജ നൃത്തം ഏറെ പ്രധാനമായിരുന്നു .സ്വാതി തിരുനാൾ രചിച്ച പാഹി പർവത നന്ദിനിയാണ് സാധാരണ പൂജ നൃത്തത്തിൽ ഉൾപ്പെടുത്തിയിട്ടിരിക്കുന്നത് .നാടക നടനത്തിനു ഉദാരഹരണം ആണ് പ്രസിദ്ധമായ ചണ്ഡാല ഭിക്ഷുകി , ബാലെ ഇനത്തിൽ അവതരിപ്പിന്നതിനു കേരള നടനം നൃത്യത്തിനു ഉദാഹരണമാണ് രാമായണബാലെ മഹാഭാരതം തുടങ്ങിയവ .പ്രധാനമായും പുരാണകഥകൾ ആയിരുന്നു ബാലേയിൽ ഉപയോഗിച്ചിരുന്നത് . മലയാളത്തിലെ ആദ്യകാല സിനിമകളിൽ വലിയൊരു വിഭാഗം സിനിമകൾ പുരാണ കഥകളെ ആസ്പദമാക്കി നിർമ്മിച്ചവയാണ് . ഏകാംഗ നൃത്തത്തിനും യുഗ്മ നൃത്തത്തിനും ബാലെ ശൈലിയിൽ ഉള്ള രംഗങ്ങൾ വളരെ അധികം യോജിക്കുന്നു . ഗുരു ഗോപിനാഥ് നൃത്ത സംവിധാനം ചെയ്ത പ്രശസ്ത ചലച്ചിത്രമായ കുമാര സംഭവം ഇതിൽ പ്രധാന ഉദാഹരണമാണ്.സിനിമയുടെ കഥ പറയുന്ന ഉപാധികളിൽ പ്രധാനമാണ് നൃത്തം .ഗുരു ഗോപിനാഥിന്റെ ശിഷ്യനായ ഗുരു ഗോപാലകൃഷ്ണൻ , തങ്കപ്പൻ മാസ്റ്റർ , കുസുമം ഗോപാലകൃഷ്ണൻ എന്നിവരുടെ സ്വാധീനം ചലച്ചിത്ര മേഖലയിൽ പ്രധാനമാണ് .അറുപതുകളിലും എഴുപതുകളിലും നിർമ്മിക്കപ്പെട്ട വടക്കൻപാട്ട് സിനിമകളും പുരാണ സിനിമകളിലുമെല്ലാം ശാസ്ത്രീയ ശൈലിയിൽ ഉള്ള നൃത്തങ്ങൾ കാണാം .മലയാള സിനിമയിൽ സംഘ നൃത്തത്തിന് തുടക്കം കുറിച്ചത് ഗുരു ഗോപാലകൃഷ്ണൻ ആണ് .ജീവിത നൗകയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ എത്തുന്നത് .വള്ളത്തോളിന്റെ മഗ്ദലനമറിയം ഗുരു ഗോപിനാഥ് നൃത്ത സംവിധാനം ചെയ്ത അഭിനയിച്ച ജീവിത നൗകയിൽ അദ്ദേഹത്തിന്റെ സഹ നർത്തകനായി ഗുരു ഗോപാലകൃഷ്ണൻ ഉണ്ടായിരുന്നു .തൊട്ടടുത്ത വർഷം ആശാന്റെ കരുണ നൃത്തനാടകമായി അവതരിപ്പിക്കപ്പെട്ടപ്പോഴും ഗുരു ഗോപിനാഥിനൊപ്പം ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു . ഇത് തന്നെ ആയിരുന്നു നൃത്തസംവിധാനത്തിലേക്കുള്ള ഗുരു ഗോപാലകൃഷ്ണന്റെ തുടക്കം . ഈ കാലഘട്ടത്തിൽ കേരളത്തിൽ ഉത്സവ പറമ്പുകളിൽ അടക്കം സജീവമായി നിറഞ്ഞു നിന്ന കലാരൂപമായിരുന്നു ബാലെ .മലയാളത്തിലെ മ്യൂസിക്കൽ സിനിമകൾക്ക് പ്രചോദനമായി ഇവയെ കണക്കാക്കാം . ആദ്യകാലങ്ങളിൽ മ്യൂസിക്കൽസ് എല്ലാം പുരാണ കഥകളുമായി ബന്ധപ്പെട്ടതാണ് .ബാലെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ നല്ല തങ്ക ,മിശിഹാ ചരിത്രം തുടങ്ങി ബാലെയുടെ സ്വഭാവത്തിൽ മതാതീതമായ ഭാവുകത്വം നിറഞ്ഞു നിന്നതായി കാണാം .ആദ്യകാല മലയാള സിനിമകളിലെ പാട്ടുകളിലേക്ക് നോക്കിയാലും ബാലെയോട് സാദൃശ്യം തോന്നാം .ഗുരു കളമൊഴിയുമ്പോൾമലയാള സിനിമയിൽ ശ്രീനാരായണ ഗുരു എന്ന ചലച്ചിത്രത്തിൽ നൃത്ത സംവിധാനം ചെയ്തു കഴിഞ്ഞപ്പോൾ ഗുരു ഗോപിനാഥ് സിനിമ ലോകത്തു നിന്നും പടിയിറങ്ങി . .തുടർന്ന് അദ്ദേഹത്തിന്റെ ശിഷ്യരുടെ കാലമായി സിനിമ മേഖല മാറി . സിനിമയിൽ ക്യാബറെ നൃത്തത്തിന്റെ സ്വാധീനം തഴച്ചു വളർന്നപ്പോൾ ഗുരു ഗോപാല കൃഷ്ണനും ശിഷ്യന്മാരും അരങ്ങൊഴിഞ്ഞു . തുടർന്ന് പുലിയൂർ സരോജ മുതൽ കുമാർ ,ശാന്തി ,ബ്രിന്ദ തുടങ്ങി തമിഴ് നൃത്ത സംവിധായകർ മലയാള ലോകം കീഴടക്കി .എഴുപതുകളിൽ സിനിമയിൽ നിറഞ്ഞു നിന്ന ക്യാബറെ ഡാൻസിൽ നിന്നും ഡപ്പാം കൂത്തിലേക്ക് എത്തിയപ്പോൾ നൃത്തത്തിന് വലിയൊരു പ്രാധാന്യം ലഭിച്ചു സിനിമാറ്റിക്ക് ഡാൻസ് എന്ന നിലയിൽ യുവജനോത്സവ വേദികളിൽ അടക്കം സ്റ്റേജ് പെർഫോമൻസ് ആയി ഇത് മാറി . ഇന്ത്യൻ സിനിമകളിൽ എണ്പതുകൾക്ക് ശേഷം വന്ന നൃത്ത സംവിധാനത്തിൽ മൈക്കൽ ജാക്സന്റെ സ്വാധീനവും ശ്രദ്ധേയമാണ് , ഡിസ്കോ ഡാൻസുകൾ ഇതിനു ഉദാഹരണമാണ് . പിന്നീട് ഫോക്, വെസ്റ്റേൺ, ഫ്യൂഷൻ സ്റ്റൈലുകൾ കൂടി ചേർന്ന് നൃത്തസംവിധാനം കൂടുതൽ വൈവിധ്യമാർന്നതായി മാറി.ഇന്നത്തെ സിനിമകളിൽ നൃത്തം വലിയ മാറ്റങ്ങൾ കണ്ടിട്ടുണ്ട്.
വേഗതയേറിയ സംഗീതം, പുതുമയുള്ള ചുവടുകൾ, ആഗോള സ്വാധീനങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ പ്രത്യേകത..ഹിപ്പ്‌ഹോപ്പ്, കോൺടെംപററി, സുംബ തുടങ്ങിയ സ്റ്റൈലുകൾ പ്രചാരത്തിലുണ്ട്…കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് നൃത്തം രൂപകൽപ്പന ചെയ്യുന്നു.ക്യാമറയും എഡിറ്റിംഗും നൃത്തത്തെ കൂടുതൽ ആകർഷകമാക്കുന്നു..ഇന്നത്തെ നൃത്തസംവിധാനം വെറും വിനോദമല്ല; അത് കഥയുടെ ഭാഗമായ ഒരു ദൃശ്യഭാഷയായി മാറിയിരിക്കുന്നു.നൃത്തസംവിധാനം ഗുരുഗോപീനാഥ്മലയാള കലാരൂപങ്ങളുടെ തനിമയാവണം നൃത്ത സംവിധായകർ മലയാള സിനിമയ്ക്ക് നൽകിയ പ്രധാന സംഭാവന .എഴുപതുകളുടെ ആരംഭം മുതൽ തമിഴകത്തു നിന്നും നൃത്ത സംവിധായകർ മലയാള സിനിമ ലോകത്തേക്ക് ചേക്കേറി .യഥാർത്ഥത്തിൽ നൃത്ത സംവിധാനം ഒരു കലയാണ് .എന്നാൽ സിനിമ മേഖലയിലെ നൃത്ത സംവിധാനത്തിന് ഒട്ടനവധി പരിമിതികൾ ഉണ്ട് .ഈ പരിമിതികൾക്കുള്ളിൽ നിന്നും നൃത്ത സംവിധായകൻ പാട്ടിനൊത്ത ചലനങ്ങൾ സൃഷ്ട്ടിക്കുമ്പോൾ മാത്രമാണ് സിനിമ നൃത്തം ചിട്ടപ്പെടുത്തുന്നത് .സിനിമയിലെ കഥയ്ക്ക് അടിസ്ഥാനമായി ഗാനങ്ങൾ കിണങ്ങിയ വസ്ത്രം , പരിസ്ഥിതി ചുറ്റുപാടുകൾ എന്നിവ രൂപപ്പെടുന്നു . ഇതിന്റെ എല്ലാം ഒരു സംയോജനമാണ് നൃത്ത സംവിധാനം .ഗുരു ഗോപിനാഥ് അദ്ദേഹത്തിന്റെ നൃത്ത സംവിധാനത്തിൽ പുതിയൊരു ശരീര സാഹിത്യം തന്നെ തീർത്തിട്ടുണ്ട് . വാചാലമായ ശരീരം , ഇത് ശരീരത്തിന്റെ നിത്യമായ ചലങ്ങളിൽ നിന്നും വികസിക്കുകയും നിത്യവും സാധാരണവുമായ ചലനങ്ങൾക്ക് വിപരീതമായി പ്രകടനപരമായ നൃത്തത്തിൽ മാത്രം സാധ്യമാകുന്ന ചലനങ്ങളിലേക്ക് ചുവടുകളെ രൂപപ്പെടുത്തുന്നു .ക്യാമറയുടെ ഫ്രെയിമിലേക്ക് ചലനങ്ങളിലെ നർത്തനം , കാലം ,ഇടം എന്നിവയെ ചേർത്ത് വെച്ച് ഒരു മായിക യാഥാർഥ്യം നിർമ്മിക്കുന്നു .ഇത് യഥാർത്ഥമായി നിലകൊള്ളുകയും ചെയ്യുന്നു .ഒരു നൃത്ത സംവിധായകരുടെയും സൃഷ്ട്ടികളിൽ ഇത് കാണാം .പഴയകാല ശാസ്ത്രീയ നൃത്തത്തിന്റെ ശൈലിയും ഇന്നത്തെ ആധുനിക നൃത്തത്തിന്റെ താളവും തമ്മിലുള്ള സമന്വയമാണ് ഇന്നത്തെ മലയാള സിനിമയുടെ ശക്തി. ഇത് പ്രേക്ഷകർക്ക് പുതിയ അനുഭവം നൽകുന്നതോടൊപ്പം സംസ്കാരത്തെ നിലനിർത്തുകയും ചെയ്യുന്നു.മലയാള സിനിമയിലെ നൃത്തസംവിധാനം കാലക്രമേണ വലിയ മാറ്റങ്ങൾ അനുഭവിച്ചെങ്കിലും, അതിന്റെ അടിത്തറയായ സംസ്കാരവും ശാസ്ത്രീയതയും ഇന്നും നിലനിൽക്കുന്നു.പാരമ്പര്യത്തിന്റെ സൗന്ദര്യവും ആധുനികതയുടെ നവീനതയും ചേർന്ന നൃത്തസംവിധാനമാണ് മലയാള സിനിമയുടെ ഭാവിയെ കൂടുതൽ സമ്പന്നമാക്കുന്നത്.The post നടന കേരളം; മലയാള സിനിമയിലെ നൃത്തത്തിന്റെ യാത്ര appeared first on Kairali News | Kairali News Live.