ഭയക്കാതെ പാമ്പുകളെ നോക്കിനിന്നിരുന്ന ബാല്യകാലം; 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടിയ ഹെവി ഡ്രൈവർ രാജിക്കും ചിലത് പറയാനുണ്ട്

Wait 5 sec.

ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് പാമ്പുപിടുത്തം. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാമ്പുപിടുത്തക്കാർ ഉ​ഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുന്നത്. കേരളത്തിൽ അറിയപ്പെടുന്ന ഒട്ടനവധി പാമ്പുപിടുത്തക്കാരുണ്ട്. അക്കൂട്ടത്തിൽ കേരളത്തിലെ ആദ്യ വനിതാ പാമ്പുപിടുത്തക്കാരിയെന്നറിയപ്പെടുന്ന തിരുവനന്തപുരം പാലോട് നന്ദിയോട് സ്വദേശി രാജിയുടെ വിശേഷങ്ങൾ അറിഞ്ഞാലോ. കഴിഞ്ഞ 11 വർഷമായി ഈ മേഖലയിൽ തുടരുന്ന രാജി എല്ലാ മേഖലയിലും സജീവമായി തുടരുകയാണ്.എന്നാൽ സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്തതിനാൽ രാജിയെ അധികം ആരും അറിയാതെ പോകുകയാണ്. ഹെവി ഡ്രൈവറായി ജോലി ചെയ്യുന്ന രാജി ഇപ്പോൾ വലിയ തിരക്കിലാണ്. സ്വന്തം ജീവിതം പച്ച പിടിപ്പിക്കുന്നതിനോടൊപ്പം തന്നെ പാമ്പുപിടുത്തം ഒരു സേവനമായും പാഷനായും ചെയ്യുകയാണ്. പിക്കപ്പ് ഓടിച്ചും ടാപ്പിം​ഗ് ജോലികൾ ചെയ്തും പെയിന്റ് ജോലികൾക്കും പോയുമാണ് രാജി കുടുംബം നോക്കുന്നത്. അമ്മയും രണ്ട് മക്കളുമുള്ള താൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും കൈരളി ന്യൂസിനോട് പറഞ്ഞു.ചെറുപ്പം മുതൽക്കേയുള്ള ഇഷ്ടംചെറുപ്പം മുതൽക്കേ ടാപ്പിം​ഗ് ജോലികൾ ചെയ്തിരുന്ന രാജിക്ക് പാമ്പുകളോട് കൗതുകമായിരുന്നു. എവിടെ പാമ്പുകളെ കണ്ടാലും നോക്കി നിൽക്കുന്ന സ്വഭാവമായിരുന്നു തനിക്കെന്നും രാജി പറഞ്ഞു. പിന്നീടാണ് എന്തുകൊണ്ട് പാമ്പുപിടുത്തത്തിലേക്ക് കടന്നുകൂടെന്ന് ചിന്തിച്ചത്. ആദ്യം ആ​ഗ്രഹം നിറവേറ്റാൻ പലരെയും സമീപിച്ചെങ്കിലും രാജിക്ക് അവ​ഗണനയാണ് ലഭിച്ചത്. പിന്നീടാണ് പൂജപ്പുര സ്നേക്ക് പാർക്കിലുണ്ടായിരുന്ന അന്തരിച്ച ബാബുയെന്നയാളാണ് തനിക്ക് പാമ്പുപിടിക്കാനുള്ള പരിശീലനം തന്നതെന്ന് രാ​ജി പറയുന്നു. വെറും 30 മിനിട്ട് കൊണ്ടാണ് രാജി പാമ്പുപിടുത്തം നിഷ്പ്രയാസം പഠിച്ചെടുത്തത്. പല പാമ്പുകളെയും പിടിക്കേണ്ടത് വ്യത്യസ്ത രീതിയിലാണെന്ന് രാജി പറയുന്നു.ശ്രദ്ധ അനിവാര്യംആദ്യസമയങ്ങളിൽ പാമ്പ് പിടുത്തം ലൈസൻസില്ലാതെയാണ് രാജി ചെയ്തത്. കഴിഞ്ഞ ആറ് വർഷമായി വനംവകുപ്പിന്റെ ലൈസൻസോടുകൂടിയാണ് രാജി പാമ്പുപിടുത്തം തുടരുന്നത്. വനംവകുപ്പിന്റെ സർപ്പ ആപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ താൻ പാമ്പുകളെ പിടിക്കാറുള്ളൂവെന്നാണ് രാജി പറയുന്നത്. വിവിധ ജില്ലകളിലും തമിഴ്നാട്ടിലും വരെ എത്തി രാജി പാമ്പുകളെ പിടിക്കാറുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് രാജി പാമ്പിനെ പിടിക്കുന്നത്. പാമ്പിനെ പിടിക്കുമ്പോൾ ശ്രദ്ധ അനിവാര്യമാണെന്നാണ് രാജി പറയുന്നത്. ചുറ്റും നിൽക്കുന്നവർ പറയുന്നതിൽ ശ്രദ്ധ കൊടുക്കാതെ പാമ്പിന്റെ തലയിൽ തന്നെ ശ്രദ്ധിച്ചാണ് അവയെ പിടിക്കാനുള്ളത്. ഇല്ലെങ്കിൽ വലിയ അപകടം സംഭവിച്ചേക്കാം.75 അണലിക്കുഞ്ഞുങ്ങൾഅഞ്ച് മാസം മുൻപാണ് തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം നടന്നതെന്ന് രാജി പറയുന്നു. പാലോടുള്ള ഒരു വീട്ടിൽ നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് 75ൽ അധികം അണലിക്കുഞ്ഞുങ്ങളെയാണ് രാജി അതീവ ശ്രദ്ധയോടെ പിടിച്ചത്. പുല‌ർച്ചെ ഒരു അണലിയെ കണ്ടെന്ന ഫോൺ കോളിനുപിന്നാലെ വീട്ടിലെത്തിയ രാജി നടത്തിയ പരിശോധനയിൽ നിന്നാണ് ഇത്രയധികം അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇത് അന്നത്തെ ഒരു റെക്കോർഡ് നേട്ടമായിരുന്നു.ഭാവിയിലേക്ക്വനംവകുപ്പിന്റെ ലൈസൻസ് അനുവദിക്കുന്ന കാലം വരെയും പാമ്പുപിടുത്തം തുടരാനാണ് രാജിയുടെ തീരുമാനം. തന്റെ ഇളയമകൾക്കും പാമ്പുപിടുത്തത്തോട് താൽപര്യമുണ്ടെന്നും ലൈസൻസ് നേടാൻ പരിശീലനം നൽകുമെന്നും രാജി പറയുന്നു. ചെറുപ്പം മുതൽക്കേ കഠിനമായ ജോലികളിലേർപ്പെട്ടതിനാൽ ഇതുവരെയായിട്ടും പാമ്പുപിടുത്ത മേഖലയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് രാജി പറയുന്നത്.The post ഭയക്കാതെ പാമ്പുകളെ നോക്കിനിന്നിരുന്ന ബാല്യകാലം; 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടിയ ഹെവി ഡ്രൈവർ രാജിക്കും ചിലത് പറയാനുണ്ട് appeared first on Kairali News | Kairali News Live.