തിരുവനന്തപുരം | വോട്ടെണ്ണല്‍ ദിനം അടുത്തുവരവെ കോണ്‍ഗ്രസ്സില്‍ വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച തലപൊക്കുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ മുതിര്‍ന്ന നേതാവ് അജയ് തറയിലാണ് വീണ്ടും വെടിപൊട്ടിച്ചിരിക്കുന്നത്.വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ ചേരിതിരിഞ്ഞു നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ക്കായി നിലകൊണ്ടതോടെ പൊതു സമൂഹത്തില്‍ ഉണ്ടായ തിരിച്ചടിയെ ഭയന്ന് മൗനം പാലിച്ചവര്‍ വീണ്ടും രംഗത്തിറങ്ങുകയാണ്. വി ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള തര്‍ക്കും മൂര്‍ച്ഛിപ്പിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധിയായി കെ സി വേണുഗോപാലിനെ രംഗത്തിറക്കുകയെന്ന തന്ത്രമാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്നത്. പരസ്യ പ്രസ്താവനകള്‍ കുറഞ്ഞെങ്കിലും മൂന്നു നേതാക്കളേയും അനുകൂലിക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി പോരാട്ടം തുടരുകയാണ്.എന്റെ സ്വപ്‌നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുകൊണ്ടാണ് വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച സജീവമാക്കിയത്. വിദ്യാര്‍ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവന്‍ ആകണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയില്‍ നിന്ന് ശരീരത്തില്‍ പതിച്ചവനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവന്‍ ആകണം മുഖ്യമന്ത്രി. നിലപാടുകളില്‍ സ്ഥിരതയുള്ളവന്‍ ആകണമെന്നും അജയ് തറയില്‍ പറയുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ പ്രധാന നേതാവായ അജയ് തറയിലിന്റെ ഇടപെടല്‍ മറ്റു വിഭാഗങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ചെന്നിത്തലയേയും വി ഡി സതീശനേയും പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് ഈ പരാമര്‍ശങ്ങളെന്നും തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിട്ട നേതാക്കളെ ചേരിതിരിച്ച് പോര്‍വിളി നടത്തിക്കുകയാണ് ലക്ഷമെന്നും വേണുഗോപാല്‍ വിരുദ്ധര്‍ വിലയിരുത്തുന്നു.