അബൂദബി|വായനയുടെ ലോകത്തേക്ക് പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പുതിയ സാഹിത്യ വേദിക്ക് തുടക്കമായി. ലോക പുസ്തക-പകർപ്പവകാശ ദിനത്തോടനുബന്ധിച്ച് പേജസ് ആൻഡ് വോയ്‌സ് എന്ന പേരിൽ ആരംഭിച്ച ഈ സാഹിത്യ വേദിയുടെ ഉദ്ഘാടനം സെന്റർ ഗ്രന്ഥശാലയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനൊപ്പം സർഗ്ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സെന്ററിലെ അംഗങ്ങളായ പത്തോളം പ്രമുഖ എഴുത്തുകാരെയും അവരുടെ സാഹിത്യ സംഭാവനകളെയും ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കൊങ്കണി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലായി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ രചിച്ച പ്രതിഭകളെയാണ് ചടങ്ങിൽ വിശിഷ്ട പുരസ്കാരം നൽകി ആദരിച്ചത്.വി.ടി.വി. ദാമോദരൻ, ജയൻ ബാലകൃഷ്ണൻ, ബീന അർജുൻ, അവ്ദേശ് കുമാർ റാണ, രാജീവ് ഷാ, അനുശ്രീ രാജീവ് ഷാ, രൂപാലി മൗസോ കിർത്താനി, സൻസിത പ്രദീപ്, ശ്രുതിസ്മിത ദാസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. രചനാവഴിയിലെ തങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും വായനക്കാരുമായി എഴുത്തുകാർ പങ്കുവെച്ചു.സെന്റർ ഗ്രന്ഥശാലയിൽ പ്രാദേശിക എഴുത്തുകാർക്കായി പ്രത്യേകം സജ്ജമാക്കിയ വിഭാഗത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സെന്റർ വൈസ് പ്രസിഡന്റ് ഷാജി വി.കെ.യാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. അയ്യായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രാദേശിക എഴുത്തുകാരെ വായനക്കാരുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഇത്തരമൊരു സ്ഥിരം സംവിധാനം ഒരുങ്ങുന്നത്.സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യബാബു, ട്രഷറർ കൃഷ്ണൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസ ലോകത്തെ ബൗദ്ധികവും സാംസ്കാരികവുമായ ചർച്ചകളുടെ കേന്ദ്രമായി ഈ സാഹിത്യ വേദി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു. അബൂദബിയിലെ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.