പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യത്തെ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 18.39 ശതമാനം പോളിംഗ്

Wait 5 sec.

കൊല്‍ക്കത്ത| പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യത്തെ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 18.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലിയിലും, പൂര്‍ബ ബര്‍ധമാനിലും 20 ശതമാനവും ഭവാനിപൂരില്‍ 17.08 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. നാദിയയില്‍ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. ആക്രമണത്തിന് പിന്നില്‍ ടിഎംസി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തില്‍ മമത ബാനര്‍ജിയും എതിര്‍ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയും ഒരേസമയം സന്ദര്‍ശിക്കാനെത്തി. ഭവാനിപൂരിലെ എഴുപതാം നമ്പര്‍ വാര്‍ഡിലാണ് ഇരുവരും എത്തിയത്.പ്രവര്‍ത്തകന്റെ വീട്ടില്‍ മമത എത്തിയപ്പോള്‍ പുറത്ത് സുവേന്ദു അണികള്‍ക്കൊപ്പം നിന്നു. മമത എല്ലാ ബൂത്തുകളിലും കയറിയിറങ്ങുന്നത് ചട്ട ലംഘനമാണെന്ന് സുവേന്ദു പ്രതികരിച്ചു. മമത ഗുണ്ടകള്‍ക്കൊപ്പം കറങ്ങി ഹിന്ദു വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും സുവേന്ദു ആരോപിച്ചു. മമത ബാനര്‍ജി ഭവാനിപൂരില്‍ മെന്നും മുപ്പതിനായിരം വോട്ടിന് തോല്ക്കുമെന്നും സുവേന്ദു പറഞ്ഞു. സൗത്ത് 24 പര്‍ഗാനസിലെ ബിജെപി സ്ഥാനാര്‍ത്ഥി ബികാഷ് സര്‍ദാറിന്റെ കാറിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു.വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 142 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 3.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. റെക്കോര്‍ഡ് പോളിങാണ് ഇക്കഴിഞ്ഞ 23ന് നടന്ന ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. 93.19 ശതമാനം പേരാണ് വോട്ട് ചെയ്തത്. 16 ജില്ലകളിലായുള്ള 152 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്.