അതിശക്തമായ ചൂടിനെ അഭിമുഖീകരിക്കുകയാണ് കേരളം. വേനല്‍ക്കാലത്തെ സാധാരണ താപനിലയായിരുന്ന 32 ഡിഗ്രി – 35 ഡിഗ്രി സെല്‍ഷ്യസ് എന്നത് 41, 42 വരെയെല്ലാം എത്തിയിരിക്കുന്നു. ഹീറ്റ് ഇന്‍ഡക്സ് കൂടി കണക്കിലെടുത്താന്‍ 50 കടന്നു എന്ന് തന്നെ പറയാം. ഉഷ്ണതരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും നമ്മുടെ ബധിര കര്‍ണങ്ങളെ പലവുരി സ്പര്‍ശിച്ചതാണ്. അത് ആവര്‍ത്തിക്കാനല്ല കുറിപ്പ്. മറിച്ച് ഒരു വിശ്വാസിയുടെ പരിഗണനയില്‍ വരേണ്ട ചില ചിന്തകളിലേക്ക് വാതില്‍ തുറക്കാനാണ്.ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) പറയുന്നു: ‘നരകം അതിന്റെ രക്ഷിതാവിനോട് പരാതിപ്പെട്ടു: നാഥാ, എന്റെ ഒരംശം മറ്റേ അംശത്തെ തിന്നുന്നു. അപ്പോള്‍ അല്ലാഹു അതിന് രണ്ട് ശ്വാസങ്ങള്‍ക്ക് അനുമതി നല്‍കി. ഒരു ശ്വാസം ശൈത്യകാലത്തും മറ്റൊന്ന് ഉഷ്ണകാലത്തും. നിങ്ങള്‍ അനുഭവിക്കുന്ന കഠിനമായ ചൂടും തണുപ്പും അതില്‍ നിന്നുള്ളതാണ്.ശക്തമായ നരകത്തിന്റെ ഒരു നിശ്വാസത്തിന്റെ പ്രതിഫലനമാണ് അത്യുഷ്ണമായി നാം അനുഭവിക്കുന്നത് എന്നര്‍ഥം.തബൂഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ നല്‍കിയ താക്കീതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. റോമന്‍ സൈന്യം മദീനയെ ആക്രമിക്കാനൊരുങ്ങുന്ന വിവരം ലഭിച്ചത് ഒരു ചൂടുകാലത്തായിരുന്നു. അറേബ്യന്‍ മണലാരണ്യത്തില്‍ ഉഷ്ണതരംഗം കൊടുമ്പിരികൊള്ളുന്ന സമയത്ത് മരുഭൂമിയിലൂടെ 700 കിലോമീറ്ററോളം യാത്ര ചെയ്യുക എന്നത് ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തില്‍ ചൂടിനെ ചൊല്ലി യുദ്ധമുന്നണിയില്‍ നിന്ന് പിന്‍മാറാനും മറ്റുള്ളവരെ പിന്തിരിപ്പിക്കാനും കപടവിശ്വാസികള്‍ ശ്രമം നടത്തി. അപ്പോള്‍ സൂറത്ത് തൗബയിലെ 81ാം സൂക്തം അവതരിച്ചു: ‘നരകാഗ്നിയാകട്ടെ ഇതിനേക്കാള്‍ കഠിനമായ ചൂടുള്ളതാണ്’.നബി(സ) പറഞ്ഞു: ‘ആദം സന്തതികള്‍ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകാഗ്നിയുടെ എഴുപതില്‍ ഒരംശം മാത്രമാണ്’ (ബുഖാരി).സൂര്യന്‍ നമ്മെ വലയം ചെയ്ത് കത്തിജ്വലിക്കുമ്പോള്‍ ഇതിന്റെ 69 ഇരട്ടി കൂടി ചേര്‍ന്നുകത്തുന്ന നരകത്തിന്റെ ഭീകരത ഒരു നിമിഷമെങ്കിലും നമ്മുടെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ മറ്റെന്തിനാണ് നമ്മെ ഉണര്‍ത്താനാകുക? താബിഉകളില്‍ പ്രമുഖനായ യസീദ് ഇബ്നു മയ്സറ(റ)വിന്റെ ചരിത്രം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായതാണ്. കഠിനമായ ചൂടുള്ള ഒരു സമയത്ത് അദ്ദേഹം മരുഭൂമിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ നേരെ വെയില്‍ പതിച്ച് ചൂടുപിടിച്ചിരിക്കുന്ന പാറക്കല്ലുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ പാറപ്പുറത്ത് കൈവെച്ചപ്പോള്‍ ചൂട് താങ്ങാന്‍ അദ്ദേഹത്തിനായില്ല. ഈ ചൂട് താങ്ങാനാകുന്നില്ലെങ്കില്‍ നരകത്തെ എങ്ങനെ താങ്ങുമെന്നോര്‍ത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ ആ പാറക്കല്ലുകളെ നോക്കി അദ്ദേഹം വിതുമ്പി: ‘ഓ കല്ലുകളേ, നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു. നരകത്തില്‍ കത്തിക്കപ്പെടുമെന്ന് അല്ലാഹു പറഞ്ഞത് മനുഷ്യരെയും കല്ലുകളെയുമാണല്ലോ’. മഹാരഥന്മാര്‍ക്ക് കൊടുംചൂട് നല്‍കിയ പാഠങ്ങള്‍ നമുക്കും പകര്‍ന്നു കിട്ടേണ്ടതുണ്ട്. ഖുര്‍ആനും തിരുനബിയും അക്കാര്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. അപ്പോള്‍ ‘ഇതെന്തൊരു ചൂടാണ്’ എന്നല്ല ‘ഇതൊന്നുമല്ല ചൂട്’ എന്നാണ് നമുക്ക് ആത്മഗതം ചെയ്യാനാകേണ്ടത്.