'റെക്കോർഡുകൾ തകർക്കാനുള്ളത്'; ഇൻഡസ്ട്രി ഹിറ്റ് നേട്ടത്തിന് പിന്നാലെ വാഴ 2 ടീമിനെ അഭിനന്ദിച്ച് സിനിമാലോകം

Wait 5 sec.

ഇൻഡസ്ട്രി ഹിറ്റ് നേട്ടത്തിന് പിന്നാലെ ‘വാഴ 2’ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് സിനിമാലോകം. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് ‘വാഴ 2’ ടീമിനെ പ്രശംസിച്ചത്.“എന്തൊരു ഗംഭീര വിജയമാണിത്. അഭിനന്ദനങ്ങൾ… നിങ്ങൾ ഇത് അർഹിക്കുന്നു,” എന്നാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുവാനുള്ളതാണെന്നും, അത് പുതുമുഖങ്ങളിൽ നിന്ന് സംഭവിക്കുമ്പോൾ ഇൻഡസ്ട്രിക്ക് അത് നല്ലൊരു സൂചനയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.അതേസമയം, കേരള ബോക്സ് ഓഫീസിൽ നിന്ന് 125 കോടിയിലധികം രൂപയുടെ നേട്ടവുമായാണ് ‘വാഴ 2’ ഇൻഡസ്ട്രി ഹിറ്റായത്. ‘ലോക’, ‘തുടരും’ തുടങ്ങിയ സിനിമകളെ മറികടന്നാണ് ഈ നേട്ടം. ആഗോളതലത്തിൽ 250 കോടിയിലധികമാണ് ‘വാഴ 2’-ന്റെ കളക്ഷൻ.സവിൻ എസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തിയത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലുണ്ട്.വിപിൻ ദാസ് തിരക്കഥ ഒരുക്കിയ ചിത്രം ഹ്യൂമറും ഇമോഷനും ചേർന്ന മികച്ച ഒരു എന്റർടെയ്നറാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.മലയാളി മങ്കിസ്, രജത് പ്രകാശ്, പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കില്ലി എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചത്.