കാസര്‍കോട് | വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന-തൊഴില്‍ സാധ്യതകളുടെ പുതിയ ലോകം തുറന്ന് വിദ്യാനഗറില്‍ ‘എജുസൈന്‍’ എജുക്കേഷന്‍ കരിയര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി. വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ പ്ലാനിംഗും നൈപുണ്യ വികസനവും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു സംസ്‌കാരമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി വ്യക്തിഗത മെന്ററിംഗ് നല്‍കാന്‍, വിവിധ മേഖലകളില്‍ നിന്നുള്ള ഇരുന്നൂറിലധികം കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകുന്നു എന്നതാണ് എജുസൈനിന്റെ പ്രധാന സവിശേഷത. സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍ മുതല്‍ മീഡിയ സ്റ്റഡീസും സംരംഭകത്വവും വരെയുള്ള വിപുലമായ പഠനശാഖകളെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദേശ സര്‍വകലാശാലകള്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച് വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാനും വെഫി അവസരമൊരുക്കുന്നു.വിദ്യാഭ്യാസ വിദഗ്ധര്‍, കേന്ദ്ര സര്‍വകലാശാലാ അധ്യാപകര്‍, വിദേശ സര്‍വകലാശാലകളുടെയും വിവിധ ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികള്‍ തുടങ്ങിയവരുമായി സംവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുണ്ട്. ഇതിനുപുറമെ, ജോബ് ഫെയര്‍, സ്‌കില്‍ എജുക്കേഷന്‍, എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് എന്നിവയ്ക്കായുള്ള പ്രത്യേക സെഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ ശനിയാഴ്ച, പുതിയ കാലത്തെ തൊഴില്‍ കുടിയേറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗള്‍ഫ് 2.0’, കാസര്‍കോടിന്റെ വിദ്യാഭ്യാസ പശ്ചാത്തലം വിലയിരുത്തുന്ന പാനല്‍ ചര്‍ച്ച എന്നിവ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു