കുവൈത്ത് വിമാനത്താവളം വീണ്ടും തുറന്നു; സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കും

Wait 5 sec.

കുവൈത്ത് സിറ്റി | കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു. ഇന്നലെ വൈകിട്ടാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് ആഴ്ചയോളമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.വിമാനത്താവളം തുറന്നെങ്കിലും ഏപ്രില്‍ 26ന് ഞായറാഴ്ച മാത്രമേ വ്യോമഗതാഗതം ആരംഭിക്കുകയുള്ളൂ. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുവൈത്ത് എയര്‍വേയ്‌സ്, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം ടെര്‍മിനലില്‍ നിന്ന് പരിമിതമായ സര്‍വീസുകള്‍ നടത്തും. ജസീറ എയര്‍വേയ്‌സും 26ന് സര്‍വീസ് പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെര്‍മിനല്‍ അഞ്ചില്‍ നിന്നായിരിക്കും സര്‍വീസ്. ഡല്‍ഹി, ബൈറൂത്ത്, മുംബൈ, ദമാസ്‌കസ്, കൊച്ചി, ഇസ്താന്‍ബുള്‍, അമ്മാന്‍, ദുബൈ, കെയ്‌റോ എന്നിവിടങ്ങളിലേക്കായിരിക്കും ജസീറ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ നടക്കുക.വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ശൈഖ് ഹമൂദ് അല്‍ മുബാറക് സബാഹ് നേരത്തെ അറിയിച്ചിരുന്നു. പൂര്‍ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അന്താരാഷ്ട്ര അധികാരികളുമായി ഏകോപിച്ചു കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചതും അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചതും. പുതിയ തീരുമാനത്തിലൂടെ വിദേശികളുടെയും സ്വദേശികളുടെയും യാത്രാ ക്ലേശത്തിന് തത്കാലം അറുതിയാവും. ഇബ്രാഹിം വെണ്ണിയോട്