തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.വെള്ളത്തിൽ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽ കുളങ്ങൾ എന്നിവയിൽ ഇത് കണ്ടുവരാൻ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാർക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാർ ശുദ്ധമായ ജലത്തിൽ മാത്രമേ കൈയ്യിലും കാലുകളിലുമുള്ള വ്രണങ്ങൾ വൃത്തിയാക്കാൻ പാടുള്ളൂ.Also read: അയ്യോ പാമ്പേ… കടിയേൽക്കാതിരിക്കാനും കടിയേറ്റാലും എന്തൊക്കെ ചെയ്യണം? ഇതൊക്കെ ശ്രദ്ധിക്കൂ…തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗം വന്നാൽ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ചികിത്സ ആവശ്യമാണ്. രോഗ ലക്ഷണങ്ങൾ കാണുന്ന ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കുക.അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ നെഗ്ലേറിയ ഫൗളേറി കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 99 ശതമാനവും അക്കാന്തമീബ കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 70 ശതമാനം മുതൽ 90 ശതമാനം വരേയുമാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോൾ പുറപ്പെടുവിച്ചു. ഐസിഎംആറുമായി സഹകരിച്ച് പഠനം നടത്തി. ഈ പ്രവർത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ട്.Also read: ചൂടാണേ…; നിങ്ങളുടെ കിഡ്നി സേഫാണോ? ഈ കാര്യങ്ങളറിഞ്ഞാൽ നിങ്ങൾ സുരക്ഷിതരാണ്കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തിൽ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാൽ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാർ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, തോന്നയ്ക്കൽ ഐ.എ.വി., കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം എന്നിവിടങ്ങളിൽ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.The post അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.