കൂറുമാറ്റ ഭീതി; സ്ഥാനാര്‍ഥികളില്‍ നിന്ന് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങി ആം ആദ്മി പാര്‍ട്ടി

Wait 5 sec.

ഗാന്ധിനഗര്‍ | കൂറുമാറ്റ ഭീതി ശക്തമായതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്‍ നിന്ന് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങി ആം ആദ്മി പാര്‍ട്ടി നേതൃത്വം. സൂറത്തിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 111 സ്ഥാനാര്‍ഥികളില്‍ നിന്നാണ് സത്യവാങ്മൂലം വാങ്ങിയത്. വിജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി വിടില്ലെന്ന കാര്യമാണ് ഒപ്പിട്ടു വാങ്ങിയത്.എ എ പിയുടെ പത്ത് രാജ്യസഭാ എം പിമാരില്‍ ഏഴുപേര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. പ്രമുഖ നേതാവ് രാഘവ് ഛദ്ദ ഉള്‍പ്പെടെ രാജിവെച്ചത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജിവച്ചവരില്‍ ഛദ്ദയും സന്ദീപ് പതക്, അശോഖ് മിത്തല്‍ എന്നിവര്‍ ബി ജെ പിയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. കൂടുതല്‍ എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.പാര്‍ട്ടി സ്ഥാപകനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും പാര്‍ട്ടിയിലെ രണ്ടാമനായി എണ്ണപ്പെടുന്ന മനീഷ് സിസോദിയയും അറസ്റ്റിലായപ്പോള്‍ പോലും ഇല്ലാത്ത വെല്ലുവിളിയാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. ബി ജെ പി, എ എ പിയില്‍ നടത്തിയ ഓപറേഷന്‍ താമരക്ക് വേണ്ടി കരുക്കള്‍ നീക്കിയത് ഒരു കാലത്ത് കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ഛദ്ദയാണ്. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ അംഗമായ ഛദ്ദയെ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ആഭ്യന്തര പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നത്. കുറച്ചു ദിവസം കാത്തിരുന്ന ശേഷം തന്നോടൊപ്പം ആറ് എം പിമാരെ പുറത്തെത്തിച്ചാണ് ഛദ്ദ പ്രതികാരം നിര്‍വഹിച്ചത്. രാഘവ് ഛദ്ദക്ക് പകരം രാജ്യസഭയില്‍ പാര്‍ട്ടി ഉപനേതാവ് ആക്കിയ അശോക് മിത്തലും പാര്‍ട്ടി മാറിയത് പാര്‍ട്ടിയുടെ അസ്ഥിവാരം തന്നെ ഇളക്കിയിട്ടുണ്ട്.