വട്ടിയൂർക്കാവ് ബി ജെ പി- സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവും മുന്‍ ഡി ജി പിമാരായ ആര്‍ ശ്രീലേഖ, ടി പി സെന്‍കുമാര്‍ എന്നിവരും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. വട്ടിയൂർക്കാവില്‍ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബി ജെ പി ആക്രമണത്തെയും തുടര്‍ന്നുണ്ടായ സൈബര്‍ വ്യക്തിഹത്യയെയും അപലപിച്ചാണ് സി ആര്‍ ബിജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോലീസിനെതിരെ “പോടാ പുല്ലേ പോലീസേ’ എന്ന് മുദ്രാവാക്യം മുഴക്കിയ ശ്രീലേഖയെയും “പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കു’മെന്ന് പ്രകോപനപരമായ പരാമര്‍ശം നടത്തിയ സെന്‍കുമാറിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുഴപ്പക്കാരായ ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി വനിതാവിംഗായ മഹിളാ മോര്‍ച്ച നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ടായിരുന്നു മുന്‍ ഡി ജി പിമാരുടെ പ്രകോപനപരമായ പ്രസ്താവന.“ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മനുഷ്യരില്‍ പലര്‍ക്കും പലവിധ പരിണാമങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരമൊരു പരിണാമമായി മാത്രം ഇത് കണ്ടാല്‍ മതി. ഇവര്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്ന പരിഗണന അര്‍ഹിക്കുന്നേ ഇല്ല. സമൂഹം അവരെ അവഗണിക്കുകയാണ് വേണ്ടത്’ എന്നായിരുന്നു ശ്രീലേഖയുടെയും സെന്‍കുമാറിന്റെയും പ്രസ്താവനകളോടുള്ള ബിജുവിന്റെ പ്രതികരണം.ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുകയും പോലീസിനു നേരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത് ഗൗരവതരമായ കാര്യമാണ്. ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് ആ വ്യക്തിക്ക് ലഭിച്ചിരുന്ന ഔദ്യോഗിക പദവികളില്‍ നിന്നുള്ള വിടുതല്‍ മാത്രമാണ്. പദവിയില്‍ നിന്ന് വിരമിച്ചെങ്കിലും സേവന കാലയളവില്‍ അവര്‍ കൈകാര്യം ചെയ്ത രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങളോടും താന്‍ നേതൃത്വം നല്‍കിയ സേനയുടെ അന്തസ്സിനോടും പുലര്‍ത്തേണ്ട വിശ്വസ്തത മരണം വരെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സേനയുടെ താഴേത്തട്ടിലുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ് ഐ പി എസ് പദവി അലങ്കരിച്ചവര്‍. അതിനു പകരം അവര്‍ തീരെ തരം താഴുന്നതും കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി സേനയെ മാന്യമല്ലാത്ത രീതിയില്‍ വിമശിക്കുന്നതും ഖേദകരമാണ്. പോലീസ് മേധാവി പദവിയിലിരിക്കെ താഴെക്കിടയിലുള്ള സേനാംഗങ്ങളോട് അച്ചടക്കം പാലിക്കാനും സേനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും നിര്‍ദേശം നല്‍കിയവരാണ് തങ്ങളെന്ന കാര്യം ഇവര്‍ മനപ്പൂര്‍വം വിസ്മരിക്കുകയാണ്.പോലീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടിയതു പോലെ വിരമിച്ച പതിനായിരക്കണക്കിനു പോലീസ് ഉദ്യോഗസ്ഥരുണ്ട് കേരളത്തില്‍. അവരില്‍ പലരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുമുണ്ട് കൂട്ടത്തില്‍. ഇവ്വിധം വിവിധ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അന്തസ്സോടെ പ്രവര്‍ത്തിക്കുന്ന മുന്‍ ഉദ്യോഗസ്ഥര്‍ സേനക്ക് അഭിമാനമാണ്. അതേസമയം സേനക്ക് കളങ്കമാണ് ശ്രീലേഖയെയും സെന്‍കുമാറിനെയും പോലുള്ളവര്‍.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പോലീസിനെതിരായ ഈ മുന്‍ ഡി ജി പിമാരുടെ അനാരോഗ്യകരമായ വിമര്‍ശങ്ങള്‍. സേനയില്‍ നിന്ന് വിരമിച്ച ഉടനെ രണ്ട് പേരും ചേക്കേറിയത് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കാണ്. അന്ന് മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പോലീസിനെതിരെ തരം താഴ്ന്ന പ്രസ്താവനകള്‍ നടത്തി വരുന്നു. ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ സേനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള “വെളിപ്പെടുത്തലുകള്‍’ നടത്തിയിരുന്നു. നടിയെ അക്രമിച്ച കേസുള്‍പ്പെടെ പല പ്രമുഖ കേസുകളിലും പോലീസ് കണ്ടെത്തിയ തെളിവുകളെയും ശാസ്ത്രീയ നിഗമനങ്ങളെയും തള്ളിപ്പറയുകയുമുണ്ടായി അവര്‍. തങ്ങള്‍ നയിച്ചിരുന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും പിന്നീട് തള്ളിപ്പറയുന്നത് എത്ര പരിഹാസ്യം!ഡി ജി പി പദവിയിലിരുന്നവര്‍ക്ക് ഒട്ടും യോജിക്കാത്തതാണ് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഒരു സാധാരണക്കാരനെ പോലെയല്ല മുന്‍ ഡി ജി പിയുടെ വാക്കുകളെ ജനം കേള്‍ക്കുന്നത്. അതിനൊരു ഔദ്യോഗിക പരിവേഷമുണ്ട്. ആ പരിവേഷത്തെ ദുരുപയോഗം ചെയ്യുന്നത് സേനയുടെ കെട്ടുറപ്പിനെ ബാധിക്കും. പോലീസ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ഇതിനെതിരെ രംഗത്ത് വന്നത് സ്വാഭാവികം. തങ്ങള്‍ സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തെയും തങ്ങളുടെ സഹപ്രവര്‍ത്തകരെയും അധിക്ഷേപിക്കുകയും ജനങ്ങളുടെ മുമ്പില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ പ്രതികരണവുമായി രംഗത്തു വരിക സ്വാഭാവികം.വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചക്ക് വഴിയൊരുക്കുന്നു ഈ സംഭവം. സര്‍വീസിലിരിക്കെ ലഭിച്ച വിവരങ്ങള്‍, വിരമിച്ച ശേഷം വെളിപ്പെടുത്തുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണം. പോലീസ് സേനയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ പ്രകോപനപരമായോ പ്രസ്താവനകള്‍ നടത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കേണ്ടതുമാണ്.നടന്നുവന്ന വഴികളെ ഓര്‍മിക്കുകയും തങ്ങളെ ഉന്നതങ്ങളിലെത്തിച്ച സേനയെ ബഹുമാനിക്കുകയും നന്ദിയോടെ സ്മരിക്കുകയും വേണം വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍. മറിച്ചുള്ള സമീപനം ജനമധ്യത്തില്‍ സ്വയം പരിഹാസ്യരാകാന്‍ ഇടയാക്കും.