കാണ്‍പൂര്‍ | അഭിഭാഷനായ പിതാവിന്റെ കടുത്ത മാനസിക പീഡനം സഹിക്കാനാകാതെ അഭിഭാഷകനായ മകന്‍ ജീവനൊടുക്കി. കാണ്‍പൂര്‍ കോടതി പരിസരത്താണ് 23 വയസ്സുകാരനായ അഭിഭാഷകന്‍ പ്രിയാന്‍ഷു ശ്രീവാസ്തവ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്.ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്ത് ഇയാള്‍ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളായി പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ശ്വാസംമുട്ടലില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. ആറാം വയസ്സില്‍ ഫ്രിഡ്ജില്‍ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് തന്നെ നഗ്‌നനാക്കി വീടിന് പുറത്താക്കിയതടക്കം ജീവിതത്തിലുടനീളം അനുഭവിച്ച കടുത്ത പീഡനത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നു. മാതാപിതാക്കള്‍ കുട്ടികളോട് കര്‍ക്കശക്കാരാകണം, എന്നാല്‍ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുതെന്നും പ്രിയാന്‍ഷു കുറിച്ചു.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിര്‍ബന്ധിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ പിതാവ് നടത്തിയിരുന്നു. ഇത് തന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. തന്റെ മൃതശരീരം തൊടാന്‍ പിതാവിനെ അനുവദിക്കരുത്. ആര്‍ക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. മാതാപിതാക്കളോട് ഒരപേക്ഷയുണ്ട്, കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറം അവരെ പീഡിപ്പിക്കരുത്. ഞാന്‍ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ എന്ന വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.സംഭവസമയത്ത് കോടതിയുടെ അഞ്ചാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്ന പ്രിയാന്‍ഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അഭിഭാഷകനായ പ്രിയാന്‍ഷുവിന്റെ പിതാവ് മകന്റെ വേര്‍പാടില്‍ പ്രതികരിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)