ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് പാകിസ്താനിൽ നടക്കാനിരുന്ന നിർണ്ണായക സമാധാന ചർച്ചകളിൽ നിന്ന് അമേരിക്കൻ പ്രതിനിധികൾ പിന്മാറി.തന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനെയും മരുമകൻ ജാറെഡ് കുഷ്നറെയും പാകിസ്താനിലേക്ക് അയക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.18 മണിക്കൂർ വിമാനയാത്ര നടത്തി അവിടെ പോയി ചർച്ചകളിൽ ഇരിക്കേണ്ട കാര്യമില്ലെന്നും, ഇറാൻ എപ്പോൾ വേണമെങ്കിലും തങ്ങളെ നേരിട്ട് വിളിക്കാമെന്നുമാണ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി ജനറൽ അസിം മുനീറുമായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ഇസ്ലാമാബാദിൽ ചർച്ച നടത്തി.പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചെങ്കിലും, അമേരിക്കയുടെ ഏകപക്ഷീയമായ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. പാകിസ്താനിലെ ചർച്ചകൾക്ക് ശേഷം ഇറാൻ സംഘം ഒമാനിലേക്ക് തിരിച്ചു. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങളില്ലെന്ന് ഇറാൻ ആവർത്തിച്ചു.ആഗോള ഇന്ധന വിപണിയെ നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്കിൽ തങ്ങൾക്കുള്ള ആധിപത്യം തുടരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു.അമേരിക്കയെ പ്രതിരോധിക്കാൻ കടലിടുക്കിന് മേലുള്ള നിയന്ത്രണം അനിവാര്യമാണെന്നാണ് ഇറാന്റെ നിലപാട്. നിലവിൽ കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ച മട്ടാണ്.സാധാരണയായി ദിവസം 130 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 5 കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. ഇത് ആഗോള വിപണിയിൽ എണ്ണവില 16 ശതമാനം വരെ വർദ്ധിക്കാൻ കാരണമായി.The post സമാധാന ചർച്ചയ്ക്കുള്ള അമേരിക്കൻ പ്രതിനിധികളുടെ പാകിസ്ഥാൻ യാത്ര റദ്ദാക്കി ട്രംപ് appeared first on Arabian Malayali.